എറിക് ഗാർഷ്യക്ക് പിന്നാലെ സിറ്റിയുടെ മറ്റൊരു സൂപ്പർ താരത്തെ കൂടെ നോട്ടമിട്ട് ബാഴ്സ !

ഈ സമ്മർ ട്രാൻസ്ഫറിൽ എഫ്സി ബാഴ്സലോണ ക്ലബിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് സിറ്റിയുടെ എറിക് ഗാർഷ്യ. പ്രതിരോധനിര താരമായ ഗാർഷ്യ ബാഴ്സയിലൂടെ തന്നെ വളർന്ന താരമായിരുന്നുവെങ്കിലും പെപ് ഗ്വാർഡിയോള താരത്തെ റാഞ്ചുകയായിരുന്നു. ഇപ്പോൾ താരത്തെ തിരിച്ചു ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. ഇപ്പോഴിതാ സിറ്റിയുടെ മറ്റൊരു സൂപ്പർ താരത്തെ കൂടെ നോട്ടമിട്ടിരിക്കുകയാണ് ബാഴ്സലോണ. സിറ്റിയുടെ പോർച്ചുഗീസ് മധ്യനിര താരം ബെർണാഡോ സിൽവയെയാണ് ബാഴ്സലോണ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നത്. പ്രമുഖമാധ്യമമായ ടെലഗ്രാഫ് ആണ് ഇത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഒരു സ്വാപ് ഡീലിന് വേണ്ടിയായിരിക്കും ബാഴ്സ ശ്രമം നടത്തുക എന്നാണ് അറിയാൻ കഴിയുന്നത്. മുൻപ് സിറ്റിയുടെ ലക്ഷ്യമായിരുന്ന നെൽസൺ സെമെടോയെയാണ് ബാഴ്സ കൈമാറാൻ ഉദ്ദേശിക്കുന്നത്. കൂടാതെ പണവും ഓഫർ ചെയ്‌തേക്കും. ഇരുപത്തിയഞ്ചുകാരനായ താരത്തിന് ഈ സീസണിൽ സിറ്റിയിൽ വലിയ തോതിലുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതാണ് ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. കേവലം 23 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് താരം കളിച്ചത്. ഫിൽ ഫോഡന്റെ വരവോടു കൂടി താരത്തിന് അവസരങ്ങൾ കുറയുകയായിരുന്നു. എന്നാൽ ബാഴ്സ താരത്തിന് ആദ്യഇലവനിൽ തന്നെ സ്ഥാനം വാഗ്ദാനം ചെയ്തതായാണ് അറിവ്. ഇതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ സിറ്റിയും ബാഴ്സയും നടത്തിയേക്കുമെന്നും റിപ്പോർട്ട്‌ പ്രതിപാദിക്കുന്നുണ്ട്. 2017-ൽ മൊണോക്കോയിൽ നിന്ന് 43.5 മില്യൺ പൗണ്ടിനായിരുന്നു സിൽവ സിറ്റിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *