എമി മാർട്ടിനസ് കൂടുമാറുമോ? വില്ലക്ക് ആദ്യ ഓഫർ നൽകി വമ്പന്മാർ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ഗോൾകീപ്പർ പൊസിഷനിലേക്ക് ആൻഡ്രേ ഒനാനയെ സ്വന്തമാക്കിയിരുന്നു.ഇന്റർ മിലാനിൽ നിന്നാണ് ഈ ഗോൾകീപ്പർ യുണൈറ്റഡിൽ എത്തിയത്. അതുകൊണ്ടുതന്നെ ഇന്റർ മിലാന് ഇപ്പോൾ ഒരു മികച്ച ഗോൾ കീപ്പറെ ആവശ്യമുണ്ട്. അവർ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിനെയാണ്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ ഗോൾ കീപ്പറാണ് എമിലിയാനോ മാർട്ടിനസ്.അദ്ദേഹത്തിൽ നേരത്തെ പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏതായാലും ആസ്റ്റൻ വില്ലക്ക് ആദ്യത്തെ ഓഫർ ഇന്റർ മിലാൻ നൽകി കഴിഞ്ഞിട്ടുണ്ട്. 15 മില്യൺ യൂറോയാണ് ഈ ഗോൾ കീപ്പർക്ക് വേണ്ടി ഇന്റർ മിലാൻ വാഗ്ദാനം ചെയ്തത്. എന്നാൽ ഈ ഓഫർ വില്ല നിരസിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ആസ്റ്റൻ വില്ല ഈ ഗോൾകീപ്പറെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.പക്ഷേ ഇന്റർ മിലാനും ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല.കൂടുതൽ ഓഫറുകൾ അവർ നൽകാൻ സാധ്യതയുണ്ട്. നിലവിൽ തകർപ്പൻ പ്രകടനമാണ് വില്ലക്ക് വേണ്ടിയും നാഷണൽ ടീമായ അർജന്റീനക്ക് വേണ്ടിയും എമി മാർട്ടിനസ് പുറത്തെടുക്കുന്നത്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ഇന്റർമിലാൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ മുന്നേറാൻ ഇന്റർ മിലാന് സാധിച്ചിരുന്നു.തനിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹമുണ്ട് എന്ന കാര്യം എമിലിയാനോ മാർട്ടിനസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വമ്പൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നാൽ ഈ ഗോൾകീപ്പർ അത് സ്വീകരിക്കാൻ സാധ്യതയുണ്ട്. നിലവിൽ ആസ്റ്റൻ വില്ലക്കൊപ്പം പ്രീ സീസൺ ടൂറിലാണ് ഈ ഗോൾകീപ്പർ ഉള്ളത്. ഇനി നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് ആസ്റ്റൻ വില്ലക്ക് കളിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *