എപ്പോൾ എവിടെ വെച്ച് വിരമിക്കും? തുറന്ന് പറഞ്ഞ് സിൽവ!

ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.37-കാരനായ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെക്കുന്നത്. ചെൽസിയുമായി ഒരു വർഷത്തെ കരാർ കൂടി തിയാഗോ സിൽവക്ക് അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം അടുത്ത സീസണിലും ചെൽസിയിൽ ഉണ്ടാകുമെന്നുറപ്പാണ്.

ഇപ്പോഴിതാ തന്റെ വിരമിക്കലിനെ കുറിച്ച് സിൽവ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്.അതായത് നാല്പതാം വയസ്സുവരെ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്.കൂടാതെ ഫ്ലുമിനൻസിൽ കരിയർ ഫിനിഷ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിൽവ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഭാവിയെ കുറിച്ച് സംസാരിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കൊരിക്കലും അറിയില്ലല്ലോ. പക്ഷേ നാല്പതാം വയസ്സുവരെ കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ പ്രായത്തിലേക്ക് എത്തുമോ എന്നുള്ളത് എനിക്കറിയില്ല. പക്ഷേ ഞാൻ അതിനുവേണ്ടി എന്റെ മനസ്സിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ കരിയർ ഫ്ലൂമിനൻസിൽ വെച്ച് ഫിനിഷ് ചെയ്യാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്റെ രോഗത്തിന് ശേഷം ഞാനവിടെ കളിച്ചിരുന്നു. എന്റെ മോശം സമയത്തും അവർ എന്നെ വിശ്വസിച്ചു. ഞാൻ വീണ്ടും ഫുട്ബോളർ ആവുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല ” ഇതാണ് സിൽവ പറഞ്ഞത്.

റഷ്യയിലെ അതിശൈത്യം മൂലം ബാധിച്ച രോഗം കാരണം ഫുട്ബോളിൽ നിന്നും തുടക്കകാലത്ത് സിൽവക്ക് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. പിന്നീട് ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസായിരുന്നു സിൽവയെ വീണ്ടും ഫുട്ബോൾ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *