എന്റെ റെക്കോർഡുകൾ നോക്കൂ: വിമർശകരോട് പ്രതികരിച്ച് ടെൻ ഹാഗ്!

മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഇതിനോടകം തന്നെ 10 തോൽവികൾ അവർ വഴങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് വിമർശനങ്ങൾ ഏറെയാണ്.ഇതേ തുടർന്ന് നാല് മാധ്യമങ്ങളെ യുണൈറ്റഡ് പ്രസ് കോൺഫറൻസിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഏതായാലും തനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിമർശനങ്ങളിൽ ടെൻ ഹാഗ് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ മുൻകാല കണക്കുകൾ നോക്കൂ എന്നാണ് ടെൻ ഹാഗ് ആവശ്യപ്പെട്ടിട്ടുള്ളത്. ശരിയായ വഴിയിലാണ് യുണൈറ്റഡ് സഞ്ചരിക്കുന്നതെന്നും ക്ഷമ കാണിക്കുകയാണ് വേണ്ടതെന്നും ടെൻ ഹാഗ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ഓരോ യാത്രയിലും ബുദ്ധിമുട്ടുള്ള സമയം ഉണ്ടാകും. ഞങ്ങൾ യഥാർത്ഥ വഴിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ എവിടെ എത്താൻ ആഗ്രഹിക്കുന്നുവോ അവിടെയെത്തും എന്നത് എനിക്കറിയാം.കാരണം എന്റെ മുൻകാല റെക്കോർഡുകൾ തന്നെയാണ്.അത് നോക്കൂ. ഞാൻ എവിടെയൊക്കെ ഉണ്ടായിരുന്നുവോ അവിടെയൊക്കെ എനിക്ക് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.നമ്മൾ അതോടൊപ്പം ഉറച്ചുനിന്നാൽ,തീർച്ചയായും നമ്മൾ അവിടെ എത്തുക തന്നെ ചെയ്യും.നെഗറ്റിവിറ്റി ഒരിക്കലും നല്ലതല്ല. അത് എനർജിയെ ഇല്ലാതാക്കുക മാത്രമാണ് ചെയ്യുക. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.ലോകത്തെ ഏറ്റവും വലിയ ക്ലബ്ബാണ് ഞങ്ങൾ.വിമർശനങ്ങൾ സ്വാഭാവികമാണ്. ഞങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് ഇതിനെ നേരിടും ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഡച്ച് ക്ലബ്ബായ അയാക്സിന്റെ പരിശീലക സ്ഥാനത്തു നിന്നായിരുന്നു ഇദ്ദേഹം യുണൈറ്റഡിലേക്ക് എത്തിയിരുന്നത്.അവർക്ക് മൂന്ന് ഡച്ച് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുതവണ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലും അയാക്സ് എത്തിയിട്ടുണ്ട്. യുണൈറ്റഡിന് കരബാവോ കപ്പ് നേടിക്കൊടുത്ത ഇദ്ദേഹം FA കപ്പിന്റെ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരുതവണ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *