എന്റെ കണക്കുകൾ നോക്കൂ,അതെന്താ മോശമാണോ? സ്വയം ഡിഫൻഡ് ചെയ്ത് ടെൻഹാഗ്!
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിട്ടുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർക്ക് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിൽ മാത്രമായി 14 തോൽവികൾ അവർ വഴങ്ങിയിട്ടുണ്ട്. യുണൈറ്റഡ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫിനിഷിംഗാണ് ഇപ്പോൾ ക്ലബ്ബ് നടത്തിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ പരിശീലകനായ എറിക്ക് ടെൻഹാഗിനെ പുറത്താക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന FA കപ്പ് ഫൈനലിലെ റിസൾട്ട് എന്ത് തന്നെയായാലും ടെൻഹാഗിനെ പുറത്താക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. എന്നാൽ തന്നെ സ്വയം ഡിഫൻഡ് ചെയ്തുകൊണ്ട് ടെൻഹാഗ് മുന്നോട്ട് വന്നിട്ടുണ്ട്. രണ്ടുവർഷത്തിനിടെ മൂന്ന് ഫൈനലുകൾ തങ്ങൾ കളിച്ചുവെന്നും അത് മോശമായ ഒരു കണക്കല്ല എന്നുമാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ ക്ലബ് ഉള്ളത് ഒരു മാറ്റത്തിന്റെ സമയത്താണ്. ഞങ്ങൾ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങൾ ഉയർന്ന ലെവലിൽ എത്തിയിട്ടുമുണ്ട്. ചില യുവതാരങ്ങൾ ഞങ്ങളുടെ ടീമിലൂടെ വളർന്നുവന്നു.അവരിപ്പോൾ കോപ്പ അമേരിക്കയും യൂറോകപ്പും കളിക്കാനുള്ള ഒരുക്കത്തിലാണ്.അതൊരു നല്ല കാര്യമാണ്.തീർച്ചയായും ഈ ടീം ഇമ്പ്രൂവ് ആവാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതേസമയം ഞങ്ങൾക്ക് കിരീടങ്ങളും ആവശ്യമാണ്. ഒരു കിരീടം നേടാനുള്ള വലിയ അവസരം ഞങ്ങളുടെ മുന്നിൽ ഇപ്പോൾ ഉണ്ട്. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ ഫൈനലാണ് ഞങ്ങൾ കളിക്കുന്നത്. അതൊരിക്കലും മോശം കാര്യമല്ല” ഇതാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു കൊണ്ട് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു.അതിന് പ്രതികാരം തീർക്കാനുള്ള ഒരു അവസരമാണ് യുണൈറ്റഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പക്ഷേ എല്ലാ കണക്കുകളും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണ്.