എന്ത് വിലകൊടുത്തും എംബപ്പേയെ സ്വന്തമാക്കൂ, സിറ്റിക്ക്‌ നിർദ്ദേശം നൽകി ഉടമ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സെന്റർ സ്ട്രൈക്കർക്ക്‌ വേണ്ടി മാഞ്ചസ്റ്റർ സിറ്റി കിണഞ്ഞു പരിശ്രമിച്ചിരുന്നു. സ്പർസിന്റെ ഹാരി കെയ്നിന് വേണ്ടിയായിരുന്നു സിറ്റി ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിയിരുന്നത്.എന്നാൽ അക്കാര്യത്തിൽ സിറ്റി പരാജയപ്പെടുകയായിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴും സിറ്റിയിൽ നല്ലൊരു സ്ട്രൈക്കറുടെ അഭാവം മുഴച്ചു നിൽക്കുന്നുണ്ട്. ആ സ്ഥാനത്തേക്ക് സൂപ്പർതാരം കിലിയൻ എംബാപ്പെയെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇനി മുതൽ സിറ്റി നടത്തുക. സിറ്റിയുടെ ഉടമസ്ഥനായ ശൈഖ് മൻസൂർ എന്തുവില കൊടുത്തും എംബപ്പേയെ ഈ ജനുവരി ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ക്ലബ്ബിന് നിർദ്ദേശം നൽകി എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ വിൻഡോ പോഡ്കാസ്റ്റിലെ പ്രമുഖ ജേണലിസ്റ്റായ ഇയാൻ മക്ഗാരിയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഉടൻ തന്നെ റയലിനോട് മത്സരിച്ചു കൊണ്ട് കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഷെയ്ഖ് മൻസൂർ നിർദ്ദേശം നൽകിയതായി ഞങ്ങൾക്ക്‌ അറിയാൻ സാധിക്കുന്നു.ഹാരി കെയ്നിനെ കൊണ്ട് വരാനുള്ള ശ്രമം പരാജയപ്പെട്ടത് സിറ്റിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ട് തന്നെ മുന്നേറ്റനിരയുടെ ശക്തി വർധിപ്പിക്കാൻ എംബപ്പേയെ കൊണ്ടു വരാനാണ് സിറ്റിയുടെ നീക്കം. ഈ സീസണോട് കൂടി എംബപ്പേയുടെ കരാർ അവസാനിക്കും എന്നുള്ളത് സിറ്റിക്ക് അനുകൂലമായ ഘടകമാണ് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന എംബപ്പേക്ക്‌ വേണ്ടി സജീവമായി രംഗത്തുള്ളത് സ്പാനിഷ് വമ്പന്മാരായ റയലാണ്. എന്നാൽ റയലിന് സിറ്റി വെല്ലുവിളി ഉയർത്തുമെന്നാണ് ഇപ്പോൾ ഇതിൽ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *