എന്ത് കൊണ്ട് ക്രിസ്റ്റ്യാനോക്ക് ആദ്യ ഇലവനിൽ ഇടം നൽകിയില്ല? വിശദീകരിച്ച് സോൾഷെയർ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുങ്ങിയിരുന്നു. എവെർട്ടൻ ആയിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടം ലഭിച്ചിരുന്നില്ല.57-ആം മിനുട്ടിൽ കവാനിയുടെ പകരക്കാരനായി കൊണ്ടാണ് റൊണാൾഡോ കളത്തിലേക്ക് എത്തിയത്. കൂടാതെ സാഞ്ചോ, പോഗ്ബ എന്നിവർക്കും സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.
എന്നാൽ ക്രിസ്റ്റ്യാനോ ഉൾപ്പെടുന്ന താരങ്ങളെ പുറത്തിരുത്താനുള്ള തീരുമാനം ശരിയായിരുന്നുവെന്നും താരങ്ങളുടെ ജോലിഭാരം കുറക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് എന്നുമാണ് സോൾഷെയർ ഇതേ കുറിച്ച് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Man United manager Solskjaer defends five changes and Cristiano Ronaldo decision https://t.co/totMObtyYY
— Murshid Ramankulam (@Mohamme71783726) October 3, 2021
“ഒരു നീളമേറിയ സീസണാണ് കാത്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരും. താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുത്തത്. അത്കൊണ്ട് തന്നെ താരങ്ങളെ പുറത്തിരുത്താനുള്ള തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം ശരിയായ തീരുമാനമാണ്.ആന്റണി മാർഷ്യൽ മികച്ച രൂപത്തിൽ കളിച്ച് ഒരു ഗോളും നേടി.കവാനിക്ക് കൂടുതൽ സമയം ആവിശ്യമുണ്ടായിരുന്നു. അതിനാലാണ് ഒരു മണിക്കൂർ നൽകിയത്. ഒരു മികച്ച ഗോളവസരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം എല്ലാ മത്സരവും വലുത് തന്നെയാണ്.മികച്ച രൂപത്തിൽ ഞങ്ങൾ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മടങ്ങിയെത്തും ” സോൾഷെയർ പറഞ്ഞു.
അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് യുണൈറ്റഡിന് നേടാനായത്. അത്കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ അതിനിർണായകമാണ്.