എനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവണം:റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വെയ്ൻ റൂണി. 2004 മുതൽ 2017 വരെ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നു. നിലവിൽ അദ്ദേഹം പരിശീലക മേഖലയിലാണ് പ്രവർത്തിക്കുന്നത്.ഡെർബി കൗണ്ടി,ഡിസി യുണൈറ്റഡ് എന്നിവരെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. അതിനുശേഷം ഇംഗ്ലണ്ടിലെ സെക്കന്റ് ഡിവിഷൻ ക്ലബ്ബായ ബിർമിങ്ഹാം സിറ്റിയുടെ പരിശീലക സ്ഥാനത്തേക്ക് റൂണി എത്തിയിരുന്നു. മൂന്നര വർഷത്തെ ഒരു കരാറിലായിരുന്നു അദ്ദേഹം ഒപ്പു വച്ചിരുന്നത്.

എന്നാൽ മൂന്നര മാസം കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായി.അദ്ദേഹത്തിന് കീഴിൽ ക്ലബ്ബ് കളിച്ച 15 മത്സരങ്ങളിൽ ഒൻപത് എണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു. ഇതോടെ ബിർമിങ്ങ്ഹാം സിറ്റി അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും മാറ്റി. ഏതായാലും തന്റെ ലക്ഷ്യം ഇപ്പോൾ റൂണി പ്രഖ്യാപിച്ചിട്ടുണ്ട്.10 വർഷത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുക എന്നാണ് തന്റെ ലക്ഷ്യമെന്ന് റൂണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിനെയും എവെർടണെയും പരിശീലിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.ഇത്തരം വലിയ ജോലികളാണ് ഞാൻ നേടാൻ ആഗ്രഹിക്കുന്നത്.പക്ഷേ എനിക്ക് ഇനിയും ട്രാക്കിലേക്ക് എത്തേണ്ടതുണ്ട്. മാനേജർ എന്ന നിലയിലേക്ക് തിരിച്ചെത്തണം.അടുത്ത 10 വർഷത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് എത്താൻ ആവശ്യമായതെല്ലാം ഞാൻ ഉറപ്പാക്കണം.അതിന് സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് എറിക്ക് ടെൻ ഹാഗാണ് ഉള്ളത്. അദ്ദേഹത്തിന് കീഴിൽ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തുന്നത്. നിരവധി തോൽവികൾ ഈ സീസണിൽ അവർ ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.സിനദിൻ സിദാൻ അടക്കമുള്ള പരിശീലകരെ റാറ്റ്ക്ലിഫ് ഇപ്പോൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *