എനിക്ക് നൽകിയതിനേക്കാൾ പിന്തുണയും വിശ്വാസവും യുണൈറ്റഡ് ടെൻഹാഗിന് നൽകുന്നു:ദുഃഖം രേഖപ്പെടുത്തി മൊറിഞ്ഞോ

2016 മുതൽ 2018 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഹൊസെ മൊറിഞ്ഞോ.യൂറോപ ലീഗ് കിരീടവും കരബാവോ കപ്പ് കിരീടവും ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ 2018 ഡിസംബർ മാസത്തിൽ അദ്ദേഹത്തെ യുണൈറ്റഡ് പുറത്താക്കുകയായിരുന്നു.ടീമിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു പുറത്താക്കിയത്.

എന്നാൽ അതിനേക്കാൾ മോശമായ രീതിയിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്ക് ടെൻ ഹാഗിന് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. മാത്രമല്ല ഇപ്പോഴും ടെൻ ഹാഗിൽ വിശ്വാസം അർപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇക്കാര്യത്തിൽ ഹോസേ മൊറിഞ്ഞോ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം പിന്തുണയും വിശ്വാസവും യുണൈറ്റഡ് മാനേജ്മെന്റിൽ നിന്നും തനിക്ക് ലഭിക്കാത്തതിലാണ് മൊറിഞ്ഞോ ദുഃഖം രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ എറിക്ക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് അന്ന് ലഭിച്ചിരുന്നില്ല.ക്ലബ്ബിൽ നിന്നും ഇത്രയധികം സപ്പോർട്ട് എനിക്ക് ലഭിച്ചിരുന്നില്ല. ഇത്രയധികം വിശ്വാസം എനിക്ക് ലഭിച്ചിരുന്നില്ല.അക്കാര്യത്തിൽ ഞാൻ ദുഃഖിതനാണ്. ദുഃഖിതനായി കൊണ്ടാണ് ഞാൻ ക്ലബ്ബ്‌ വിട്ടത്.ഞാൻ പ്രോസസിന്റെ തുടക്കഘട്ടത്തിലായിരുന്നു ഉണ്ടായിരുന്നത്.എനിക്ക് ആവശ്യമായ സമയം യുണൈറ്റഡ് നൽകിയില്ല. അന്ന് ഒരുപക്ഷേ എന്നെ അവർ വിശ്വസിച്ചിരുന്നുവെങ്കിൽ,എനിക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ ഇത് പറയുന്നത് ” മൊറിഞ്ഞോ പറഞ്ഞു.

യുണൈറ്റഡ് FA കപ്പ് ഫൈനലിൽ പ്രവേശിച്ചു എന്നല്ലാതെ പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ ഈ സീസണിൽ നേടിക്കൊടുക്കാൻ പരിശീലകൻ ടെൻ ഹാഗിന് കഴിഞ്ഞിട്ടില്ല.അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യങ്ങൾ ഇതിനോടകം തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ സീസണിന് ശേഷം ടെൻ ഹാഗിന്റെ പരിശീലകസ്ഥാനം തെറിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *