എനിക്ക് ചില കാര്യങ്ങൾ അറിയാം : റൊണാൾഡോയെ കുറിച്ച് ബ്രൂണോ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം നേടിയത്. ഈ മത്സരത്തിൽ സൂപ്പർതാരം റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. മത്സരത്തിനു ശേഷം ഓൾഡ് ട്രഫോഡിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് റൊണാൾഡോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഏതായാലും റൊണാൾഡോ ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ യാതൊരുവിധ സ്ഥിരീകരണങ്ങളും ലഭിച്ചിട്ടില്ല. പക്ഷേ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ തനിക്കറിയാമെന്നും എന്നാൽ അത് പറയേണ്ട ആൾ താനല്ല എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. ഇലവൻ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ അറിയാം.പക്ഷേ അത് പറയുന്ന ആൾ ഞാനായിരിക്കില്ല. നിലവിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.നിലവിൽ അദ്ദേഹം ശാന്തനാണ്.അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുകയാണ് അതല്ലെങ്കിൽ യുണൈറ്റഡിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ റൊണാൾഡോ തന്നെ അത് തുറന്നു പറയും. അത് അദ്ദേഹം നേരത്തെ അറിയിച്ചതാണ് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ഈ വാക്കുകളിൽ നിന്നും തെളിഞ്ഞു കാണുന്നുണ്ട്. ഏതായാലും ഈ ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല. ഉടൻതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു സ്ഥിരീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *