എഡേഴ്സന്റെ പരിക്ക്, ആശങ്ക പ്രകടിപ്പിച്ച് പെപ്, പണി കിട്ടുക ബ്രസീലിന്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഗ്വാർഡിയോൾ,ഹാലന്റ് എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. മത്സരത്തിന്റെ 32ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്നാണ് ഗ്വാർഡിയോൾ ഹെഡ്ഡറിലൂടെ ഗോൾ നേടിയിട്ടുള്ളത്. പിന്നീട് 71ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ തന്നെ അസിസ്റ്റിൽ നിന്ന് ഹാലന്റ് ഗോൾ കണ്ടെത്തി.
എന്നാൽ ഈ മത്സരത്തിൽ ഒരു തിരിച്ചടി മാഞ്ചസ്റ്റർ സിറ്റിക്ക് ഏറ്റിട്ടുണ്ട്. അവരുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സണ് പരിക്കേൽക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ എതിർതാരം വില്ലി ബോലിയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റുള്ളത്.അദ്ദേഹത്തിന്റെ ഷോൾഡറിലാണ് പരിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.തുടർന്ന് രണ്ടാം പകുതിയിൽ താരം കളിച്ചിരുന്നില്ല. പകരം ഒർട്ടെഗയാണ് സിറ്റിയുടെ ഗോൾ വല കാത്തത്.
Ederson left The City Ground with his arm in a sling.
— Al Nassr Zone (@TheNassrZone) April 28, 2024
pic.twitter.com/KHe8D5tOWS
എഡേഴ്സന്റെ പരിക്കിൽ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്ക് കണ്ടിട്ട് ഒരല്പം മോശമായി തോന്നുന്നുവെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷം വ്യക്തമായ വിവരങ്ങൾ നൽകാമെന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അതായത് ഒരല്പം ആശങ്കപ്പെടുത്തുന്ന പരിക്ക് തന്നെയാണ് താരത്തെ പിടികൂടിയിട്ടുള്ളത്.സിറ്റിയുടെ അവശേഷിക്കുന്ന മത്സരങ്ങളിൽ എഡേഴ്സൺ ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.
നേരത്തെയും എഡേഴ്സണെ പരിക്ക് പിടികൂടിയിരുന്നു.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. താരത്തിന്റെ പരിക്ക് കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുന്ന ബ്രസീലിന് ആശങ്ക നൽകുന്ന ഒന്നാണ്. കോപ്പ അമേരിക്കക്ക് മുന്നേ പരിക്കിൽ നിന്നും മുക്തനായി പൂർണ്ണ സജ്ജനായി കൊണ്ട് എഡേഴ്സൺ തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അല്ലായെങ്കിൽ പരിചയസമ്പത്ത് കുറഞ്ഞ ഗോൾകീപ്പർമാരെ ബ്രസീലിന് പരിഗണിക്കേണ്ടിവരും.