എഡേഴ്സണ് അങ്ങനെയങ്ങ് പോകാൻ പറ്റില്ലല്ലോ?പെപ് പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യയിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സൗദി ക്ലബ്ബായ അൽ നസ്റുമായി അദ്ദേഹം പേഴ്സണൽ എഗ്രിമെന്റ് എത്തിയിരുന്നു.പക്ഷേ അവർക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി ധാരണയിൽ എത്താൻ കഴിഞ്ഞില്ല. ഇതോടുകൂടി അൽ നസ്ർ പിൻവാങ്ങി. അതിനുശേഷം മറ്റൊരു സൗദി ക്ലബ്ബായ അൽ ഇത്തിഹാദും താരത്തിന് വേണ്ടി ശ്രമിച്ചു. എന്നാൽ അവർക്കും സിറ്റിയുമായി ധാരണയിൽ എത്താൻ കഴിയാതെ പോവുകയായിരുന്നു.
തുടർന്ന് എഡേഴ്സണ് മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരേണ്ടിവന്നു. അതേക്കുറിച്ച് പരിശീലകനായ പെപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തുടർച്ചയായി നാലു തവണ പ്രീമിയർ ലീഗ് കിരീടം നേടിയ ഒരു ഗോൾകീപ്പർക്ക് അതിന്റേതായ വില ഉണ്ടെന്നും അത് ലഭിക്കാതെ അദ്ദേഹത്തിന് പോകാൻ കഴിയില്ല എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സമ്മറിൽ എഡേഴ്സൺ ക്ലബ്ബ് വിട്ടുപോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഒരു ശരിയായ ഓഫർ അദ്ദേഹത്തിന് വേണ്ടി വന്നിരുന്നില്ല. ക്ലബ്ബുകൾ ഓഫറുകൾ നൽകിയിരുന്നു. പക്ഷേ പ്രീമിയർ ലീഗ് കിരീടം തുടർച്ചയായി 4 തവണ കൂടിയ ഒരു ഗോൾകീപ്പർക്ക് ലഭിക്കേണ്ട ഓഫർ ആയിരുന്നില്ല അത്.അദ്ദേഹത്തിന് ഒരു വിലയുണ്ട്. ആ വില ലഭിക്കാതെ അദ്ദേഹത്തിന് പോകാൻ കഴിയില്ല.അതാണ് താരത്തിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്.തീർച്ചയായും അദ്ദേഹം ക്ലബ്ബ് വിടുന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കകൾ ഉണ്ടായിരുന്നു.ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.എഡേഴ്സൺ കൂടെയുള്ളതിൽ ഞങ്ങൾ ഹാപ്പിയാണ്.അദ്ദേഹവും സന്തോഷവാനാണ് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ സിറ്റിയുടെ ഗോൾവല കാക്കുന്നത് എഡേഴ്സൺ തന്നെയാണ്. സൗദി അറേബ്യൻ ക്ലബ്ബുകൾ ആകർഷകമായ സാലറിയായിരുന്നു താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്.അതുകൊണ്ടാണ് അദ്ദേഹം സൗദിയിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. ഒരുപക്ഷേ ഭാവിയിൽ അദ്ദേഹം സൗദിയിലേക്ക് എത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.