എഡേഴ്സണെ ഇന്നത്തെ ഫൈനലിൽ പുറത്തിരുത്തും :കാരണ സഹിതം വിശദീകരിച്ച് പെപ്!

ഇന്ന് FA കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് പ്രശസ്തമായ Wembley സ്റ്റേഡിയത്തിൽ വെച്ചാണ് ഈ കലാശ പോരാട്ടം നടക്കുക. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പക്ഷേ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.

ഇന്നത്തെ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ സ്ഥാനത്ത് ബ്രസീലിയൻ സൂപ്പർതാരമായ എഡേഴ്സൺ ഉണ്ടാവില്ല. മറിച്ച് ഒർട്ടേഗയായിരിക്കും ഗോൾവല കാക്കുക. സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.അതായത് ഡൊമസ്റ്റിക് കപ്പ് കോമ്പറ്റീഷനുകളിൽ സെക്കൻഡ് ഗോൾകീപ്പറെയാണ് ഉപയോഗപ്പെടുത്താറുള്ളതെന്നും അത് ഫൈനലിലും ആവർത്തിക്കും എന്നുമാണ് കാരണമായി കൊണ്ട് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നത്തെ മത്സരത്തിൽ ഗോൾകീപ്പർ സ്ഥാനത്ത് ഒർട്ടേഗയായിരിക്കും ഉണ്ടാവുക. ഡൊമസ്റ്റിക് കപ്പുകളിൽ ഞാൻ പിന്തുടരുന്ന അതേ രീതി തന്നെയാണ് ഇവിടെയും പിന്തുടരുക. ബാഴ്സലോണയിൽ പരിശീലകനായിരുന്ന സമയത്തും ബയേണിലായിരുന്ന സമയത്തുമൊക്കെ ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.ഒർട്ടേഗയാണ് ഈ ഫൈനലിൽ സ്റ്റാർട്ട് ചെയ്യുക. പരിക്കിന്റെ പിടിയിൽ ഉണ്ടായിരുന്ന ഡി ബ്രൂയിനയും ഗ്രീലിഷും മടങ്ങി എത്തിയിട്ടുണ്ട്. രണ്ടുപേരും അവസാനത്തെ രണ്ട് ട്രെയിനിങ് സെഷനുകൾ മികച്ച രൂപത്തിലാണ് പൂർത്തിയാക്കിയിട്ടുള്ളത് ” ഇതാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് മൂന്ന് കോപ ഡെൽ റേ ഫൈനലുകളിൽ ഹോസേ മാനുവൽ പിന്റോയെയായിരുന്നു പെപ് സ്റ്റാർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ സീസണിൽ FA കപ്പ് സെമിഫൈനലിൽ ലിവർപൂളിനെതിരെ സാക്ക് സ്റ്റെഫെനായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്. അതേസമയം 2019 ലെ FA കപ്പ് ഫൈനൽ കളിക്കാൻ എഡേഴ്സണ് സാധിച്ചിട്ടുണ്ട്. ഈ സീസണിലെ എല്ലാ FA കപ്പ് മത്സരത്തിലും സിറ്റിയുടെ ഗോൾ വലക്കാത്തത് ഒർടെഗ തന്നെയാണ്.ഒരു ഗോൾ പോലും അദ്ദേഹം വഴങ്ങിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *