എങ്ങോട്ടുമില്ല, കവാനി ചെകുത്താൻപ്പടയിൽ തന്നെ തുടരും!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ എഡിൻസൺ കവാനി ക്ലബുമായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് താരം യുണൈറ്റഡുമായുള്ള കരാർ നീട്ടിയത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ 2022 ജൂൺ മുപ്പത് വരെ താരം ചെകുത്താൻപ്പടയിൽ ഉണ്ടാവുമെന്നുറപ്പായി. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ കരാർ പുതുക്കാൻ പരിശീലകൻ സോൾഷ്യാർ ക്ലബ് അധികൃതരോട് ആവിശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ സീസണിലായിരുന്നു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. പിഎസ്ജിയിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടാണ് കവാനി ഓൾഡ് ട്രാഫോഡിൽ എത്തിയത്. ഒരു വർഷത്തെ കരാറിലായിരുന്നു ഒപ്പ് വെച്ചത്. ഒരു വർഷം കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷനാണ് കവാനി ഇപ്പോൾ ഉപയോഗപ്പെടുത്തിയത്. സമീപകാലത്ത് മിന്നും ഫോമിലാണ് കവാനി കളിക്കുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഒരു ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ഇരുപാദങ്ങളിലുമായി റോമയെ തകർത്തു വിട്ടത് കവാനി തന്നെയാണ് എന്ന് പറയാം. രണ്ട് പാദങ്ങളിലുമായി നാല് ഗോളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്. ഈ പ്രീമിയർ ലീഗിൽ ഒമ്പത് ഗോളും രണ്ട് അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്. താരത്തിന്റെ മികച്ച ഫോം തന്നെയാണ് റെഡ് ഡെവിൾസിനെ കരാർ പുതുക്കാൻ പ്രേരിപ്പിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *