ഇഷ്ടപ്പെട്ട താരമാരാണ്? ബെക്കാം മനസ്സ് തുറക്കുന്നു!

ഫുട്ബോൾ ലോകത്തെ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസതാരമാണ് ഡേവിഡ് ബെക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് ബെക്കാം ദീർഘകാലം കളിച്ചിട്ടുള്ളത്.പിന്നീട് റയൽ മാഡ്രിഡ്,എസി മിലാൻ,പിഎസ്ജി എന്നീ വമ്പന്മാർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടി 100ൽ പരം മത്സരങ്ങളിലും ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏതായാലും കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിലുമൊത്തുള്ള ഒരു അഭിമുഖം ബെക്കാം നടത്തിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട താരമാരാണ് എന്ന ഒരു ചോദ്യം ബെക്കാമിന് നേരിടേണ്ടി വന്നിരുന്നു. ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാന്റെ പേരാണ് ബെക്കാം പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് സിദാനും ബെക്കാമും.

അതേസമയം കരിയറിൽ നേടിയ ഗോളുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗോൾ ഏതാണ് എന്നുള്ള ചോദ്യവും ബെക്കാമിനോട് ചോദിക്കപ്പെട്ടിരുന്നു. 2001ൽ ഗ്രീസിനെതിരെ നേടിയ ഫ്രീകിക്ക്‌ ഗോളാണ് ബെക്കാം തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിന് വേൾഡ് കപ്പ് യോഗ്യത നേടി കൊടുക്കാൻ ആ ഫ്രീകിക്ക് ഗോളിന് സാധിച്ചിരുന്നു.

ആകെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 144 ഗോളുകളാണ് ബെക്കാം നേടിയിട്ടുള്ളത്. അതിൽ 43 ഗോളുകളും സെറ്റ് പീസുകളിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്ത് ഫ്രീകിക്കിന്റെ മാസ്റ്ററായി കൊണ്ടായിരുന്നു ബെക്കാം അറിയപ്പെട്ടിരുന്നത്.

നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ ഉടമസ്ഥൻ കൂടിയാണ് ബെക്കാം. സൂപ്പർ താരം ലയണൽ മെസ്സിയെ അദ്ദേഹം എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *