ഇരട്ടഗോളുമായി ബ്രൂണോ, ആദ്യ ഗോൾ നേടി കവാനി, എവർട്ടണെ തകർത്ത് ചുവന്ന ചെകുത്താൻമാർ തിരിച്ചെത്തി !

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം കൈവരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കരുത്തരായ എവർട്ടണെ ചുവന്ന ചെകുത്താൻമാർ തറപ്പറ്റിച്ചു വിട്ടത്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട യുണൈറ്റഡിനും പരിശീലകൻ സോൾഷ്യാറിനും വളരെ നിർണായകമായ മത്സരമായിരുന്നു ഇന്നത്തേത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് യുണൈറ്റഡ് കരുത്ത് കാട്ടിയത്. രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ ഹീറോ. കവാനിക്ക് യുണൈറ്റഡ് ജേഴ്‌സിയിൽ ആദ്യ ഗോൾ കണ്ടെത്താനും ഇന്നത്തെ മത്സരത്തിൽ സാധിച്ചു. ജയത്തോടെ പോയിന്റ് ടേബിളിൽ പതിമൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റ് ആണ് യുണൈറ്റഡിന്റെ സമ്പാദ്യം.

മത്സരത്തിന്റെ 19-ആം മിനുട്ടിലാണ് ബെർണാഡ് എവെർട്ടണ് വേണ്ടി ലീഡ് നേടിയത്. എന്നാൽ 25-ആം മിനുട്ടിൽ ബ്രൂണോ അതിന് മറുപടി നൽകി. ഷോയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് താരം വലകുലുക്കിയത്. 32-ആം മിനുട്ടിൽ ബ്രൂണോ വീണ്ടും വലകുലുക്കി. റാഷ്ഫോർഡിന്റെ അസിസ്റ്റിൽ നിന്നും ഒരു ലോങ്ങ്‌റേഞ്ചിലൂടെയാണ് താരം വലകുലുക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കവാനിയും ഗോൾ കണ്ടെത്തി. ബ്രൂണോ നടത്തിയ കൌണ്ടർ അറ്റാക്കിൽ താരത്തിന്റെ പാസിൽ നിന്ന് കവാനി വലകുലുക്കിയതോടെ എവർട്ടണിന്റെ പതനം പൂർണമായി.

Leave a Reply

Your email address will not be published. Required fields are marked *