ഇത്തവണ പ്രീമിയർ ലീഗ് ഞങ്ങൾ നേടും: ആർടെറ്റ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം പോരാട്ടം ഇപ്പോൾ അതിന്റെ അവസാന ലാപ്പിൽ എത്തിയിട്ടുണ്ട്.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, വമ്പൻമാരായ ആഴ്സണൽ എന്നിവരിൽ ഏതെങ്കിലും ഒരു ടീമായിരിക്കും കിരീടം നേടുക. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് മുൻതൂക്കമുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നേടും. അതേസമയം സിറ്റി പോയിന്റ് ഡ്രോപ്പ് ചെയ്യുകയും ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ ആഴ്സണലായിരിക്കും കിരീടം നേടുക.
കഴിഞ്ഞ തവണ ആഴ്സണൽ കിരീടത്തിന്റെ അടുത്ത് എത്തിയിരുന്നുവെങ്കിലും പടിക്കൽ കലമുടക്കുകയായിരുന്നു. ഏതായാലും ഇതേക്കുറിച്ച് ചില കാര്യങ്ങൾ ആഴ്സണൽ പരിശീലകനായ ആർടെറ്റ പറഞ്ഞിട്ടുണ്ട്. ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആഴ്സണൽ നേടുമെന്നാണ് തന്റെ തലച്ചോർ പറയുന്നത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Mikel Arteta: "My brain is telling me we are lifting the Premier League!" 👀🏆
— CentreGoals. (@centregoals) May 10, 2024
(Via @HaytersTV) pic.twitter.com/Rz473AJSi5
” എന്റെ തലച്ചോർ എപ്പോഴും പറയുന്നത് എന്റെ താരങ്ങൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തും എന്നാണ്.ഞാൻ എന്റെ ബ്രെയിൻ പറയുന്നത് മാത്രമാണ് ഫോളോ ചെയ്യുന്നത്. ഇത്തവണ പ്രീമിയർ ലീഗ് കിരീടം നേടാൻ കഴിയും എന്നുള്ള പ്രതീക്ഷ എല്ലാവരും വെച്ച് പുലർത്തണം.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ മികച്ച ടീമാവുക എന്ന പരിശ്രമത്തിലാണ് ഞങ്ങൾ ഉള്ളത്.മാഞ്ചസ്റ്റർ സിറ്റി എവിടെ പോയിന്റ് ഡ്രോപ്പ് ചെയ്യും എന്നുള്ളത് ഞങ്ങളുടെ കൈകളിൽ അല്ല.എന്നെ മുന്നോട്ടു നയിക്കുന്നത് ആഗ്രഹങ്ങളാണ്. കിരീടം നേടുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം “ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ആഴ്സണലിന് അവശേഷിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്,എവർടൺ എന്നിവരാണ് ആഴ്സണലിന്റെ എതിരാളികൾ.അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.ഫുൾഹാം,ടോട്ടൻഹാം,വെസ്റ്റ് ഹാം എന്നിവരാണ് സിറ്റിയുടെ എതിരാളികൾ.ഈ മൂന്ന് മത്സരങ്ങളും വിജയിച്ചു കഴിഞ്ഞാൽ സിറ്റിക്ക് കിരീടം നിലനിർത്താൻ സാധിക്കും.