ഇത്തവണത്തെ ബാലൺ ഡിയോർ പുരസ്‌കാരം ഉപേക്ഷിച്ചു!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകപ്പെടുന്ന ബഹുമതിയാണ് ബാലൺ ഡിയോർ. എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ബാലൺ ഡിയോർ ആണ് ഏറ്റവും മികച്ച കളിക്കാരനുള്ള മാനദണ്ഡമായി പൊതുവെ ഫുട്ബോൾ ലോകം കണക്കാക്കി പോരുന്നത്. എന്നാൽ ഈ വർഷം ആ പുരസ്‌കാരം നൽകപ്പെടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച ഫുട്ബോൾ പിന്നീട് തുടങ്ങിയെങ്കിലും അസാധാരണമായ ഈയൊരു അവസരത്തിൽ ബാലൺ ഡിയോർ നൽകേണ്ട എന്നാണ് അധികൃതരുടെ തീരുമാനം. ഇതോടെ ഈ വർഷം ബാലൺ ഡിയോർ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.

1956-ന് ശേഷം ഇതാദ്യമാണ് ബാലൺ ഡിയോർ നൽകാതെയിരിക്കുന്നത്. ഫുട്ബോൾ കുറച്ചു കാലം നിർത്തിവെച്ചത്, അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളുടെ അഭാവത്തിൽ മത്സരങ്ങൾ നടത്തിയത്, ചില ലീഗുകൾ ഉപേക്ഷിച്ചത്, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മുതൽ മിനി ടൂർണമെന്റ് മോഡൽ ആക്കിയത്, എന്നിവയൊക്കെയാണ് ഇതിന് പ്രധാനകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടിരുന്ന ലെവന്റോസ്ക്കി, ലയണൽ മെസ്സി, ഡിബ്രൂയിൻ എന്നീ താരങ്ങളെ സംബന്ധിച്ചെടുത്തോളം ഈ നീക്കം തിരിച്ചടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇമ്മൊബിലെ, ബെൻസിമ തുടങ്ങിയ താരങ്ങൾ ഒക്കെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടെണ്ട താരങ്ങൾ ആയിരുന്നു. നിലവിൽ ആറു ബാലൺ ഡിയോർ നേടിയ മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ നേടിയ താരം.

Leave a Reply

Your email address will not be published. Required fields are marked *