ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് യുണൈറ്റഡിന് : പ്രവചനവുമായി പോൾ ഇൻസ്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ രണ്ട് നറുക്കെടുപ്പിലും കരുത്തരായ എതിരാളികളെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്.ആദ്യത്തെ നറുക്കെടുപ്പിൽ പിഎസ്ജിയായിരുന്നു ലഭിച്ചത്.എന്നാൽ അത് റദ്ദാക്കിയതിന് ശേഷം രണ്ടാമത് നടത്തിയ നറുക്കെടുപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് ലഭിച്ചത്.

എന്നാൽ അത്ലറ്റിക്കോയെ കീഴടക്കാൻ മാത്രമല്ല, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെ ചൂടാൻ യുണൈറ്റഡിന് കഴിയുമെന്ന് പ്രവചിച്ചിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് താരമായ പോൾ ഇൻസ്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ദി മിററിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കും. ഇത് കേൾക്കുമ്പോൾ ആളുകൾ എനിക്ക് ഭ്രാന്താണെന്ന് പറയുമായിരിക്കും. പക്ഷേ അവർക്ക് അതിന് കഴിയുമെന്നുള്ളതാണ് യാഥാർഥ്യം.ഏത് ടീമിനെയും തങ്ങളുടെ ദിവസങ്ങളിൽ തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ് യുണൈറ്റഡ്. ആരാണ് എതിരാളികൾ എന്നുള്ളത് ഒരു വിഷയമേ അല്ല.ഫുട്ബോളിലെ നോക്കോട്ട് റൗണ്ടുകളിൽ,മികച്ച താരങ്ങൾ ഉള്ള നിങ്ങളുടെ ടീം ഫോമിലേക്ക് ഉയർന്നാൽ നിങ്ങൾക്ക് എന്തും സാധ്യമാവും.മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തില്ല എന്നോ അവർക്ക് കിരീടം നേടാൻ കഴിയില്ല എന്നോ പറയാൻ യാതൊരു വിധ കാരണങ്ങളുമില്ല ” ഇൻസ് പറഞ്ഞു.

ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല. പക്ഷേ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *