ഇങ്ങനെയാണെങ്കിൽ ഞാൻ മുപ്പതാം വയസ്സിൽ തന്നെ വിരമിക്കേണ്ടി വന്നേക്കും: തുറന്നടിച്ച് അകാഞ്ചി!
ഓരോ സീസൺ കൂടുന്തോറും താരങ്ങൾ കളിക്കേണ്ടി വരുന്ന മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മറ്റൊരു രൂപത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്കെല്ലാം ഒരു സീസണിൽ നിരവധി മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്. ഇതിനോടൊപ്പം ഇന്റർനാഷണൽ മത്സരങ്ങളും താരങ്ങൾക്ക് കളിക്കേണ്ടി വരുന്നുണ്ട്.
ചുരുക്കത്തിൽ പ്രധാനപ്പെട്ട ക്ലബ്ബുകളെയെല്ലാം ടൈറ്റ് ഷെഡ്യൂളാണ് കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് നിരവധി മത്സരങ്ങൾ ഈ സീസണിൽ കളിക്കേണ്ടി വരുന്നുണ്ട്.ഈ മാസത്തിന്റെ അവസാനത്തിൽ രണ്ടു ദിവസങ്ങൾക്കിടെ രണ്ടു മത്സരങ്ങൾ സിറ്റിക്ക് കളിക്കേണ്ടി വരുന്നുണ്ട്. ഈ ഷെഡ്യൂളിനെ വിമർശിച്ചുകൊണ്ട് സിറ്റി സൂപ്പർ താരമായ മാനുവൽ അകാഞ്ചി രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ മുപ്പതാം വയസ്സിൽ തന്നെ താൻ വിരമിക്കേണ്ടി വന്നേക്കും എന്നാണ് അകാഞ്ചി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സീസണിൽ മാത്രമല്ല.അടുത്ത സീസണിലും കാര്യങ്ങൾ ബുദ്ധിമുട്ടാണ്. കാരണം ക്ലബ്ബ് വേൾഡ് കപ്പ് കൂടി വരുന്നുണ്ട്. ഞങ്ങൾക്ക് അവധികൾ ഒന്നും ലഭിക്കുമെന്ന് തോന്നുന്നില്ല. ഒരു സീസൺ അവസാനിച്ച് രണ്ടാഴ്ചയ്ക്കുശേഷം പുതിയ സീസണിലേക്ക് പ്രവേശിക്കേണ്ടിവരുന്നു.തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നു.വരുന്ന വർഷങ്ങളിൽ ഇത് എങ്ങനെ പ്രാവർത്തികമാകും എന്നുള്ളത് എനിക്കറിയില്ല. താരങ്ങളുടെ കാര്യത്തിൽ നിങ്ങൾ ചിന്തിക്കണം.അവർക്ക് പരിക്കേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇങ്ങനെ പോയാൽ മുപ്പതാം വയസ്സിൽ തന്നെ വിരമിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധനിര താരം പറഞ്ഞിട്ടുള്ളത്.
സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെതിരെ ഒരു പ്രീമിയർ ലീഗ് മത്സരം കളിക്കുന്നുണ്ട്. രണ്ട് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 ആം തീയതി കരബാവോ കപ്പിൽ സിറ്റി വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് നേരത്തെ തന്നെ സിറ്റി പരിശീലകനായ പെപ് രംഗത്ത് വന്നിരുന്നു. ഈ ടൈറ്റ് ഷെഡ്യൂളിനെതിരെ പലരും ഇപ്പോൾ വലിയ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.