ആ കളി എന്റെയടുത്ത് വേണ്ട :ലെസ്റ്റർ സിറ്റി താരത്തോട് എമി മാർട്ടിനസ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. നിലവിൽ മികച്ച ഫോമിലൂടെയാണ് വില്ല കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ ആറു മത്സരങ്ങളിൽ അവർ പരാജയമറിഞ്ഞിട്ടില്ല.

മത്സരത്തിൽ മികച്ച പ്രകടനമാണ് ആസ്റ്റൻ വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് പുറത്തെടുത്തത്. ഇതിനിടെ രസകരമായ ഒരു സംഭവം മത്സരത്തിനിടയിൽ നടന്നിട്ടുണ്ട്. അതായത് 26ആം മിനുട്ടിൽ ലെസ്റ്റർ സിറ്റിക്ക് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിച്ചിരുന്നു. ആ സമയത്ത് എമി മാർട്ടിനസ് ഒരല്പം മുമ്പോട്ട് കയറി നിൽക്കുന്നുണ്ടായിരുന്നു.

തന്റെ യഥാർത്ഥ പൊസിഷൻ തെറ്റിയായിരുന്നു അദ്ദേഹം നിന്നിരുന്നത്. ഇത് മുതലെടുക്കാനുള്ള ഒരു ശ്രമം ലെസ്റ്റർ സിറ്റി സൂപ്പർ താരമായ ജെയിംസ് മാഡിസന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അദ്ദേഹം വളരെ വിദഗ്ധമായി ഫ്രീകിക്ക് എടുക്കുകയായിരുന്നു.പക്ഷേ എമിലിയാനോ മാർട്ടിനസിന് പിഴച്ചില്ല. താരം അത് അബദ്ധങ്ങളൊന്നും വരുത്താതെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

ഇതിന് ശേഷം എമി ചെയ്തതാണ് വലിയ വൈറലായിരിക്കുന്നത്.ജെയിംസ് മാഡിസന്റെ തന്ത്രം മനസ്സിലാക്കിയ എമി ആംഗ്യ ഭാഷയിൽ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. അതായത് തന്റെ കൈവിരലുകൾ ഇരുവശത്തേക്കും വീശുകയാണ് ഈ അർജന്റീന ഗോൾ കീപ്പർ ചെയ്തിട്ടുള്ളത്. ആ കളി എന്റെ അടുത്ത് വേണ്ട എന്ന് തന്നെയാണ് ആംഗ്യഭാഷയിൽ എമി വ്യക്തമാക്കിയിട്ടുള്ളത്.

ചിരിച്ചു കൊണ്ടാണ് എമി ഈ ആംഗ്യം കാണിച്ചിട്ടുള്ളത്. ഏതായാലും ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവായ എമി ക്ലബ്ബ് തലത്തിലും മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *