ആ ഒരു താരത്തെ ഒഴികെ മറ്റെല്ലാവരെയും വിറ്റൊഴിവാക്കണം:യുണൈറ്റഡിനോട് റൂണി
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 16 തോൽവികൾ അവർ വഴങ്ങിയിട്ടുണ്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ അവർക്ക് സാധിച്ചിട്ടില്ല. വരുന്ന FA കപ്പ് ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ യുണൈറ്റഡിന് ഇതൊരു ട്രോഫിലെസ് സീസണായിരിക്കും.
സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി ക്ലബ്ബിന് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഒഴികെയുള്ള എല്ലാ താരങ്ങളെയും യുണൈറ്റഡ് വിറ്റ് ഒഴിവാക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു അടിമുടി മാറ്റം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.റൂണിയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Do you agree with Wayne Rooney? pic.twitter.com/svUGokKuG7
— Sky Sports Premier League (@SkySportsPL) May 16, 2024
“നിങ്ങൾ ബ്രൂണോയുടെ ചുറ്റും ഒരു പുതിയ ടീമിനെ നിർമ്മിക്കണം. ചെയ്യേണ്ടത് ബ്രൂണോയെ നിലനിർത്തുക, കുറച്ച് യുവ താരങ്ങളെയും നിലനിർത്തുക,ബാക്കിയുള്ള എല്ലാ താരങ്ങളെയും വിറ്റ് ഒഴിവാക്കുക. ഒരു അടിമുടി മാറ്റം ടീമിൽ ഉണ്ടാക്കിയെടുക്കണം.ഒരൊറ്റ വർഷം കൊണ്ട് സാധ്യമാകും എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ അത് നടപ്പിലാക്കാൻ കഴിയും. പ്രീമിയർ ലീഗിൽ പോരാടണമെങ്കിൽ മികച്ച താരങ്ങളെ തന്നെ നിങ്ങൾക്ക് ആവശ്യമുണ്ട്.ഈ താരങ്ങൾ മികച്ച താരങ്ങളൊക്കെ തന്നെയാണ്.പക്ഷേ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ,ആഴ്സണൽ എന്നിവരോടൊക്കെ മത്സരിക്കണമെങ്കിൽ ഇതിനേക്കാൾ മികച്ച താരങ്ങളെ വേണം ” ഇതാണ് യുണൈറ്റഡ് ഇതിഹാസമായ റൂണി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ യുണൈറ്റഡ്നു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും സ്വന്തമാക്കിയ താരം ബ്രൂണോ ഫെർണാണ്ടസ് തന്നെയാണ്. 10 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്. ക്ലബ്ബിന് തന്നിൽ താല്പര്യമില്ലെങ്കിൽ ക്ലബ്ബ് വിടാൻ തയ്യാറാണെന്ന് ഈയിടെ ബ്രൂണോ പറയുകയും ചെയ്തിരുന്നു.