ആസ്റ്റൻ വില്ല ഗോൾകീപ്പറെ ആക്രമിച്ച് സിറ്റി ആരാധകർ,ഇംഗ്ലീഷ് ഫുട്ബോളിന് ഇത് നാണക്കേടിന്റെ കാലം!

സമീപകാലത്ത് ഇംഗ്ലീഷ് ഫുട്ബോളിൽ നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. പ്രത്യേകിച്ച് ആരാധകർ ഗ്രൗണ്ട് കയ്യേറുന്നതായിരുന്നു കാണാൻ സാധിച്ചിരുന്നത്.ഷെഫീൽഡ് യുണൈറ്റഡിന്റെ നായകനായ ബില്ലി ഷാർപ്പിനെ ഒരു ആരാധകൻ ആക്രമിച്ചത് ഈയിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു ശേഷവും ചില സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു.

ഇപ്പോഴിതാ പ്രീമിയർ ലീഗിലും ഒരു അക്രമ സംഭവം നടന്നിട്ടുണ്ട്. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ നേടിക്കൊണ്ട് സിറ്റി ചൂടുകയായിരുന്നു.

ഈ മത്സരം വിജയിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. ഇതിനിടെ ഒന്നു രണ്ട് സിറ്റി ആരാധകർ ആസ്റ്റൻ വില്ലയുടെ ഗോൾകീപ്പറായ റോബിൻ ഒൽസനെ ആക്രമിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷിതമായി കൊണ്ട് ഒൽസനെ കളത്തിന് പുറത്തേക്ക് എത്തിച്ചത്.

മത്സരശേഷം ആസ്റ്റൻ വില്ലയുടെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് സിറ്റിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ഗോൾകീപ്പർ മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരാൽ ആക്രമിക്കപ്പെടുകയുയായിരുന്നു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിങ്ങൾ മാഞ്ചസ്റ്റർ സിറ്റിയോടും പെപ്പിനോടുമാണ് ചോദിക്കേണ്ടത്.അദ്ദേഹം ഓക്കേയാണോ എന്നുള്ളത് ഞങ്ങൾ ഇനി പരിശോധിക്കും ” ഇതാണ് ജെറാർഡ് പറഞ്ഞിട്ടുള്ളത്.

അതേസമയം സോഷ്യൽ മീഡിയയിൽ തന്നെ ആക്രമിച്ചവർക്കെതിരെ ഒൽസെൻ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. വിഡ്ഢികൾ എന്നാണ് അവരെ ഇദ്ദേഹം വിളിച്ചത്. അതേസമയം മാഞ്ചസ്റ്റർ സിറ്റി വിഷയത്തിൽ ഔദ്യോഗികമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും സിറ്റി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *