ആസ്റ്റൺ വില്ലയെ തകർത്ത് യുണൈറ്റഡ് ലിവർപൂളിനൊപ്പം, ആ ഗോളിനെതിരെ വിമർശനമുയർത്തി വില്ല പരിശീലകൻ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ യുണൈറ്റഡ് തകർത്തു വിട്ടത്. യുണൈറ്ഡിന് വേണ്ടി ആന്റണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമാണ് യുണൈറ്റഡിനെ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്. മത്സരത്തിന്റെ 40-ആം മിനിറ്റിൽ ബിസാക്കയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മാർഷ്യൽ ഗോൾ നേടിയത്. എന്നാൽ 58-ആം മിനുട്ടിൽ ട്രവോറെ വില്ലക്ക്‌ സമനില നേടികൊടുത്തു. പക്ഷെ 61-ആം മിനിറ്റിൽ പോഗ്ബയെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ബ്രൂണോ ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് വിജയഗോൾ കരസ്ഥമാക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പമെത്താൻ യുണൈറ്റഡിന് സാധിച്ചു. 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റുമായി ലിവർപൂൾ ഒന്നാമതും യുണൈറ്റഡ് രണ്ടാമതുമാണ്.

എന്നാൽ ആ പെനാൽറ്റി ഗോളിനെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല പരിശീലകൻ ഡീൻ സ്മിത്ത്. പോഗ്ബ കാലിടറി വീഴുകയാണ് ചെയ്തതെന്നും VAR എന്ത് കൊണ്ട് റഫറി ഉപയോഗപ്പെടുത്തിയില്ല എന്നുമാണ് ഇദ്ദേഹം മത്സരശേഷം പ്രതികരിച്ചത്. ” ആ സമയത്ത് ഞാനും അത്‌ പെനാൽറ്റി തന്നെയാണ് എന്നാണ് കരുതിയത്. പക്ഷെ ഞാനത് പിന്നീട് കണ്ടപ്പോൾ അദ്ദേഹം കാലിടറി വീഴുന്നതാണ് കണ്ടത്. എനിക്കറിയില്ല എന്ത് കൊണ്ടാണ് റഫറി അത്‌ പരിശോധിക്കാതിരുന്നത് എന്ന്. VAR ഉണ്ടായിട്ടും അദ്ദേഹം അത്‌ ഉപയോഗപ്പെടുത്തിയില്ല. പോഗ്ബ സ്വയം വീഴുകയാണ് ചെയ്തത്. അതൊരു പെനാൽറ്റിയാണ് എന്ന് ഞാൻ കരുതുന്നില്ല ” സ്മിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *