ആഴ്സണലിലെ സ്ഥാനം രാജിവെച്ച് എഡു ഗാസ്പർ!
ആഴ്സണലിന്റെ പരിശീലകനായി കൊണ്ട് ആർടെറ്റ ചുമതലയേറ്റ ശേഷം സ്ഥിരതയാർന്ന പ്രകടനം നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. മികച്ച യുവതാരങ്ങളാൽ സമ്പന്നമായ ഒരു ടീമിനെ ആഴ്സണൽ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് ആർടെറ്റക്ക് നൽകുന്നതിനോടൊപ്പം തന്നെ എഡു ഗാസ്പറിനും നൽകേണ്ടതുണ്ട്. അവരുടെ സ്പോട്ടിംഗ് ഡയറക്ടറായ എഡുവും ചേർന്നുകൊണ്ടാണ് ടീമിനെ നല്ല രീതിയിലേക്ക് മാറ്റിയെടുത്തിട്ടുള്ളത്.
ബ്രസീലുകാരനായ എഡു 2001 മുതൽ 2005 വരെ ആഴ്സണലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.പിന്നീട് 2019 ടെക്നിക്കൽ ഡയറക്ടറായി കൊണ്ട് അദ്ദേഹം ചുമതല ഏൽക്കുകയായിരുന്നു.അതിനുശേഷം ക്ലബ്ബിന്റെ ആദ്യത്തെ സ്പോർട്ടിങ് ഡയറക്ടറായി കൊണ്ട് 2022 നവംബറിൽ ഇദ്ദേഹം ചുമതല ഏൽക്കുകയായിരുന്നു. ഇത്രയും കാലം സ്പോർട്ടിംഗ് ഡയറക്ടർ ചുമതലയിൽ ഉണ്ടായിരുന്ന എഡു ആ സ്ഥാനം ഇപ്പോൾ രാജി വെച്ചിട്ടുണ്ട്. ഇക്കാര്യം ആഴ്സണൽ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എഡുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം കഠിനമായ ഒരു തീരുമാനമായിരുന്നു. ഒരുപാട് മികച്ച വ്യക്തികളോടൊപ്പം വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് നൽകിയത് ഈ ക്ലബ്ബാണ്.ആർടെറ്റയോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.ഇപ്പോൾ പുതിയ ചലഞ്ച് ഏറ്റെടുക്കാൻ സമയമായി.ആഴ്സണൽ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.ഞാൻ ക്ലബ്ബിന് എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് എഡു പറഞ്ഞിട്ടുള്ളത്.
നോട്ടിങ്ഹാം ഫോറസ്റ്റിന്റെയും ഒളിമ്പ്യാക്കോസിന്റെയും ഉടമസ്ഥനായ മറിനാകിസ് ഇദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. ആകർഷകമായ സാലറിയുടെ ഒരു ഓഫർ അദ്ദേഹത്തിന് നൽകുകയും ചെയ്തിട്ടുണ്ട്.എഡു അത് സ്വീകരിച്ചുകൊണ്ട് മൾട്ടി ക്ലബ്ബ് ഗ്രൂപ്പിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.