ആഴ്സണലിന്റെ മാന്ത്രിക നായകനായി ഒഡേഗാർഡ്, റയൽ മാഡ്രിഡിന് നഷ്ടബോധമോ?
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നഗരവൈരികളായ ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ആഴ്സണലിന് സാധിച്ചിരുന്നു.ഹ്യൂഗോ ലോറിസിന്റെ സെൽഫ് ഗോളും നായകൻ മാർട്ടിൻ ഒഡേഗാർഡിന്റെ ഗോളുമാണ് ആഴ്സണലിന് വിജയം സമ്മാനിച്ചിരുന്നത്. തകർപ്പൻ ഷോട്ടിലൂടെയായിരുന്നു ഒഡേഗാർഡ് ഗോൾ കണ്ടെത്തിയിരുന്നത്. ഇതോടുകൂടി ആഴ്സണൽ തങ്ങളുടെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിലായിരുന്നു ആദ്യം ഒഡേഗാർഡ് ആഴ്സണലിൽ കളിച്ചിരുന്നത്. പക്ഷേ പിന്നീട് താരത്തെ ആഴ്സണൽ സ്ഥിരമായി സ്വന്തമാക്കുകയായിരുന്നു. താരത്തെ കൈവിട്ടതിൽ റയലിന് നഷ്ടബോധം ഉണ്ടാവും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാരണം അത്രയേറെ മികവിലാണ് സമീപകാലത്ത് ഈ നോർവിജിയൻ താരം കളിച്ചുകൊണ്ടിരിക്കുന്നത്.
Martin Odegaard is having an incredible season 👏 pic.twitter.com/RJjPLux1zz
— Premier League (@premierleague) January 16, 2023
കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതോടുകൂടി ആഴ്സണലിന് വേണ്ടി ഈ പ്രീമിയർ ലീഗിൽ എട്ട് ഗോളുകൾ പൂർത്തിയാക്കാൻ ഈ 24 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 5 അസിസ്റ്റുകളും അദ്ദേഹം തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.ആഴ്സണലിന് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടി ഒഡേഗാർഡ്. ഈ സീസണിൽ 24 വയസ്സ് മാത്രം പ്രായമുള്ള ഒഡേഗാർഡിനെ ആർട്ടെറ്റ ക്യാപ്റ്റൻ ആക്കിയപ്പോൾ നെറ്റി ചുളിച്ചവരായിരുന്നു പലരും. എന്നാൽ അവർക്കെല്ലാം ഇപ്പോൾ മറുപടി നൽകാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്.
ആഴ്സണൽ പ്രീമിയർ ലീഗിൽ വ്യക്തമായ ലീഡ് നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഈ നായകന്റെ മാന്ത്രികതയെ അതിൽ എടുത്തു പ്രശംസിക്കേണ്ട ഒന്ന് തന്നെയാണ്. കഴിഞ്ഞ മത്സരത്തിനു ശേഷവും പരിശീലകനായ ആർട്ടെറ്റ ഒഡേഗാർഡിനെ കുറിച്ച് വളരെയധികം പ്രശംസയോടുകൂടിയായിരുന്നു സംസാരിച്ചിരുന്നത്. വരുന്ന മത്സരങ്ങളിലൊക്കെ താരത്തിന്റെ പ്രകടനം ഗണ്ണേഴ്സിന് ഏറെ നിർണായകമായിരിക്കും. റയൽ മാഡ്രിഡിന്റെ നഷ്ടം ആഴ്സണലിന്റെ നേട്ടമാവുന്നതാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.