ആലിസണും എടേഴ്സണും എമിയുമെല്ലാം വീണു, വിമർശനങ്ങൾക്കിടയിലും ഗോൾഡൻ ഗ്ലൗ ജേതാവായി ഡിഹിയ.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവർ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. അതേസമയം മറ്റൊരു മത്സരത്തിൽ ലിവർപൂളും ആസ്റ്റൻ വില്ലയും സമനിലയിൽ കുരുങ്ങിയിരുന്നു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.
ഇന്നലത്തെ മത്സരങ്ങൾ അവസാനിച്ചതോടുകൂടി ഗോൾഡൻ ഗ്ലൗ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ സ്വന്തമാക്കിയിട്ടുണ്ട്. 17 ക്ലീൻ ഷീറ്റുകളാണ് ഇത്തവണത്തെ പ്രീമിയർ ലീഗിൽ ഈ സ്പാനിഷ് ഗോൾകീപ്പർ സ്വന്തമാക്കിയിട്ടുള്ളത്. 14 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുള്ള ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കറാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്.
തന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ഗോൾഡൻ ഗ്ലൗ പുരസ്കാരം ഡിഹിയ സ്വന്തമാക്കുന്നത്. 2017/18 സീസണിൽ ഗോൾഡൻ ഗ്ലൗ നേടാൻ ഡിഹിയക്ക് സാധിച്ചിരുന്നു.ഈ പുരസ്കാരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് പ്രതിരോധ നിരക്ക് കൂടി അദ്ദേഹം ഇതിന്റെ ക്രെഡിറ്റ് നൽകിയിട്ടുണ്ട്. യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗും ഡിഹിയയെ പ്രശംസിച്ചിട്ടുണ്ട്.
Your 2022/23 @PremierLeague Golden Glove winner…
— Manchester United (@ManUtd) May 20, 2023
🧤🏆 @D_DeGea! 🏆🧤#MUFC pic.twitter.com/grkp2v06J3
ഈ സീസണിൽ ചില സമയങ്ങളിൽ ഡിഹിയ അബദ്ധങ്ങൾ വരുത്തി വെച്ചിരുന്നു.അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. കൂടാതെ മറ്റൊരു മികച്ച ഗോൾകീപ്പർക്ക് കൂടി വേണ്ടി യുണൈറ്റഡ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.ഇതിനിടെ ഡിഹിയയുടെ കോൺട്രാക്ട് പുതുക്കും എന്നുള്ള വാർത്തകളും സജീവമാണ്.
17 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുള്ള ഡിഹിയ ഇതുവരെ 41 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആലിസൺ 14 ക്ലീൻ ഷീറ്റുകൾ നേടിയപ്പോൾ 43 ഗോളുകൾ വഴങ്ങി.ആസ്റ്റൻ വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് ഏഴാം സ്ഥാനത്താണ്. 11 ക്ലീൻ ഷീറ്റുകൾ ഉള്ള താരം 37 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. എട്ടാം സ്ഥാനത്തുള്ള എടേഴ്സൺ 11 ഷീറ്റുകൾ നേടിയിട്ടുണ്ട്, 31 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.