ആരും വില കുറച്ചു കാണേണ്ട,കിരീടപ്പോരാട്ടത്തിൽ ഡിഫറൻസ് സൃഷ്ടിക്കുക ഹാലണ്ടായിരിക്കും : എല്ലാവർക്കും മുന്നറിയിപ്പ് നൽകി യുണൈറ്റഡ് ഇതിഹാസം റൂണി!

കഴിഞ്ഞ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ സൂപ്പർതാരം എർലിംഗ് ഹാലണ്ടിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വലിയ രൂപത്തിലുള്ള വിമർശനങ്ങളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.ഹാലണ്ട് പ്രീമിയർ ലീഗിൽ ഫ്ലോപ്പാവുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഹാലണ്ട് വിമർശകരുടെ വായടപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഹാലണ്ടിന്റെ കഴിവിൽ ആരും സംശയിക്കേണ്ടെന്നും കിരീടപ്പോരാട്ടത്തിൽ സിറ്റിക്കും എതിരാളികൾക്കുമിടയിൽ ഡിഫറൻസ് സൃഷ്ടിക്കുക ഹാലണ്ടായിരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റൂണിയുടെ വാക്കുകൾ ടോക്ക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലിവർപൂളിനെതിരെയുള്ള മത്സരത്തിനുശേഷം സോഷ്യൽ മീഡിയയിൽ പലരും അദ്ദേഹത്തെ വിമർശിച്ചിരുന്നു. എന്നാൽ ആ മത്സരത്തെ ഞാൻ വേറൊരു രീതിയിലാണ് കണ്ടത്.എന്റെ അഭിപ്രായത്തിൽ ഈ പ്രീമിയർ ലീഗിലെ കിരീടപോരാട്ടത്തിൽ സിറ്റിക്കും മറ്റുള്ളവർക്കുമിടയിൽ ഡിഫറൻസ് സൃഷ്ടിക്കുക ഹാലണ്ടായിരിക്കും.ബുണ്ടസ്ലിഗയിലും ചാമ്പ്യൻസ് ലീഗിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗോൾ സ്കോറിങ്ങ് കഴിവിൽ ആർക്കും സംശയം വേണ്ട. അദ്ദേഹം സിറ്റിക്ക് വേണ്ടി കൂടുതൽ ഗോളുകൾ നേടുക തന്നെ ചെയ്യും ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

വെസ്റ്റ്ഹാമിനെതിരെ ഒരു ഗോൾ പെനാൽറ്റിയിൽ നിന്നും മറ്റൊരു ഗോൾ ഡിബ്രൂയിനയുടെ അസിസ്റ്റിൽ നിന്നുമായിരുന്നു ഹാലൻഡ് നേടിയിരുന്നത്.ഇനി ബേൺമൗത്തിനെതിരെയാണ് സിറ്റി അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *