ആരാധകരോട് മാപ്പ് പറഞ്ഞ് ബുകയോ സാക്ക!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.2-2 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ആഴ്സണലിനെ സമനിലയിൽ തളച്ചത്. രണ്ട് ഗോളുകളുടെ ലീഡ് തുടക്കത്തിൽ ഉണ്ടായിട്ടും ആഴ്സണൽ അത് തുലച്ചുകളയുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഴ്സണലിന് ഇങ്ങനെ സംഭവിക്കുന്നത്.
ഈ മത്സരത്തിന്റെ 52ആം മിനുട്ടിൽ ആഴ്സണലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു.എന്നാൽ സൂപ്പർ താരം ബുകയോ സാക്ക ആ പെനാൽറ്റി നഷ്ടപ്പെടുത്തുകയായിരുന്നു. അത് ഗോളാക്കി മാറ്റിയിരുന്നുവെങ്കിൽ വലിയ വിജയസാധ്യത ഈ മത്സരത്തിൽ ഗണ്ണേഴ്സിന് ഉണ്ടാകുമായിരുന്നു. ഏതായാലും നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ഈ താരം ഇപ്പോൾ ആഴ്സണൽ ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചിട്ടുള്ളത്.സാക്കയുടെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും അത് പരിഗണിക്കാതെ ഞാൻ എപ്പോഴും എന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാറുണ്ട്. എല്ലാ ആഴ്സണൽ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ശരിയാക്കി എടുക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും ” സാക്ക കുറിച്ചു.
| Saka: “Regardless of the outcome, I'll always accept my responsibility. Apologies Gunners, I'll do everything I can to make it right.” #afc pic.twitter.com/gWRt8wU04G
— Arsenal Buzz (@ArsenalBuzzCom) April 16, 2023
നിലവിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം എന്നുള്ളത് 4 ആണ്. പക്ഷേ ഒരു മത്സരം കുറച്ചാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചിട്ടുള്ളത്. അടുത്ത മത്സരത്തിൽ ആഴ്സണലിന്റെ എതിരാളികൾ സതാംപ്റ്റണാണ്. അതിനുശേഷം മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്നത്.