ആന്റണിയെ കൊണ്ട് എന്ത് കഴിയുമെന്നുള്ളതാണ് നാം കണ്ടത് : പ്രശംസിച്ച് ടെൻ ഹാഗ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആഴ്സണലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു. അതേസമയം ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി ഗോൾ നേടിക്കൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.
ഈ മത്സരത്തിനുശേഷം ആന്റണിയെ പ്രശംസിക്കാൻ യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് സമയം കണ്ടെത്തിയിരുന്നു. ആന്റണിയെ കൊണ്ട് എന്ത് കഴിയുമെന്നുള്ളത് എനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതാണ് നമ്മൾ ഇപ്പോൾ കണ്ടത് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ten Hag gives verdict on Antony's #mufc debut I @TyMarshall_MEN https://t.co/I6LPhSSolH
— Man United News (@ManUtdMEN) September 4, 2022
“ആന്റണിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നുള്ളത് എനിക്കറിയാമായിരുന്നു.റൈറ്റ് വിങ്ങിൽ ഒരു താരത്തെ വേണമെന്നുള്ളത് ഞാൻ മുമ്പ് തന്നെ സംസാരിക്കുന്ന ഒരു കാര്യമാണ്.ആന്റണിയുടെ വേഗതയും ഡ്രിബ്ലിങ്ങ് മികവും പ്രസിങ് കപ്പാസിറ്റിയുമൊക്കെ ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും. നിലവിൽ അദ്ദേഹത്തിന് ഒരല്പം പവറിന്റെ കുറവ് ഉണ്ടായിരുന്നു. പ്രീ സീസണിൽ ചില പരിശീലനങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.പരിക്കുമുണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്നുള്ളത് നമുക്ക് കാണാൻ സാധിച്ചു. പ്രീമിയർ ലീഗ് അദ്ദേഹത്തിന് ഒരു വെല്ലുവിളി തന്നെയാണ്.പക്ഷേ തന്റെ ഇന്റൻസിറ്റി കൊണ്ട് അതുമറികടക്കാൻ തനിക്ക് കഴിയുമെന്ന് ആന്റണി തെളിയിച്ചു കഴിഞ്ഞു. ഒരു മികച്ച ഗോൾ ആണ് അദ്ദേഹം നേടിയത് ” ഇതാണ് ടെൻ ഹാഗ് ആന്റണിയെ കുറിച്ച് പറഞ്ഞത്.
ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെയാണ് നേരിടുക.മത്സരത്തിൽ ആന്റണി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.