ആന്റണിയെ കളിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ടെൻ ഹാഗ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിന്റെ ഗോളാണ് ഈ ഒരു മത്സരത്തിൽ യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.
ഈ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണി കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിലെ താരത്തിന്റെ സ്കില്ലുകൾ ലോക ഫുട്ബോളിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണോ താരത്തെ കളിപ്പിക്കാതിരുന്നത് എന്നുള്ള ചോദ്യം മത്സര ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അതുകൊണ്ടല്ലെന്നും മറിച്ച് പരിക്കു മൂലമാണ് താരം കളിക്കാതിരുന്നത് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag explains the reason why Antony is not in the squad to face West Ham. pic.twitter.com/IBpVZUlQJw
— Sky Sports Premier League (@SkySportsPL) October 30, 2022
” കഴിഞ്ഞ മത്സരത്തിലെ സംഭവമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല.അദ്ദേഹത്തിന് പരിക്കാണ്.ഈ പരിക്ക് ഗുരുതരമല്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ തന്നെയാണ് ഞാൻ കരുതുന്നതും.രണ്ട് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ടെൻ ഹാഗ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു മികച്ച തുടക്കം ആന്റണിക്ക് ലഭിച്ചിരുന്നു. പ്രീമിയർ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിന്റെ ദേശീയ ടീമിന് പ്രതീക്ഷകൾ നൽകുന്ന താരം കൂടിയാണ് ആന്റണി.