ആദ്യം സെൽഫിഷ് സ്വഭാവം മാറ്റിയെടുക്കണം : റിച്ചാർലീസൺ വിഷയത്തിൽ മറുപടിയുമായി കോന്റെ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ടോട്ടൻഹാം പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ചത്. തന്നെ ബെഞ്ചിൽ ഇരുത്തിയതിന് പരിശീലകനായ അന്റോണിയോ കോന്റെക്കെതിരെയായിരുന്നു ഇദ്ദേഹം വിമർശനം നടത്തിയത്.ഇതൊരു നശിച്ച സീസൺ ആണെന്നും തന്നെ വിഡ്ഢിയാക്കാൻ സാധിക്കില്ല എന്നുമായിരുന്നു റിച്ചാർലീസൺ പറഞ്ഞിരുന്നത്.

ഈ വിഷയത്തിൽ ഇപ്പോൾ പരിശീലകനായ കോന്റെ പ്രതികരിച്ചിട്ടുണ്ട്.റിച്ചാർലീസൺ തന്റെ സെൽഫിഷ് മനോഭാവത്തിൽ മാറ്റം വരുത്തണം എന്നാണ് കോന്റെ ഉപദേശിച്ചിട്ടുള്ളത്. മാത്രമല്ല റിച്ചാർലീസൺ തെറ്റ് മനസ്സിലാക്കിക്കൊണ്ട് തന്നോട് മാപ്പ് പറഞ്ഞു എന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റിച്ചാർലീസണിന്റെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു.അദ്ദേഹം എന്നെ വിമർശിച്ചിട്ടില്ല.ഇതൊരു നശിച്ച സീസൺ ആണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ശരിയുമാണ്.അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.വേൾഡ് കപ്പിലും അത് അദ്ദേഹത്തെ അലട്ടി.പ്രീമിയർ ലീഗിൽ ഇതുവരെ ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ് അദ്ദേഹം നശിച്ച സീസൺ എന്ന് പറഞ്ഞത്.പക്ഷേ സീസൺ ഇപ്പോഴും അവസാനിച്ചിട്ടില്ല.അദ്ദേഹം അവസരങ്ങൾ അർഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് അദ്ദേഹത്തിനു ലഭിക്കുക തന്നെ ചെയ്യും. പക്ഷേ ഞാൻ എന്നാണ് അദ്ദേഹം സംസാരിക്കുന്നത്. അത് അദ്ദേഹത്തിന്റെ സെൽഫിഷ്‌ സ്വഭാവത്തെയാണ് കാണിക്കുന്നത്. അത് അദ്ദേഹം മാറ്റിയെടുക്കണം.പ്രധാനപ്പെട്ട കിരീടങ്ങളും നേട്ടങ്ങളും നേടണമെങ്കിൽ ഞാൻ എന്നതിന് പകരം ഞങ്ങൾ എന്നാണ് അദ്ദേഹം ഉപയോഗിക്കേണ്ടത്. ഞാൻ എന്ന് മാത്രം ഉപയോഗിച്ചാൽ നിങ്ങൾ സെൽഫിഷാണെന്ന് ചുറ്റുമുള്ളവർ കണക്കുകൂട്ടും.അദ്ദേഹം തന്റെ തെറ്റു മനസ്സിലാക്കി എന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഇത് ഒരുപാട് നെഗറ്റീവുകൾ ഉള്ള സന്ദർഭങ്ങൾ ആണെങ്കിലും ഞങ്ങൾ പോസിറ്റീവായി കൊണ്ട് തന്നെ മുന്നോട്ടു പോകും ” ടോട്ടൻഹാം പരിശീലകൻ പറഞ്ഞു.

ആകെ 25 മത്സരങ്ങളാണ് ഈ സീസണിൽ ഈ ബ്രസീലിയൻ താരം കളിച്ചിട്ടുള്ളത്.രണ്ടേ രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾ കളിച്ച ഈ സ്ട്രൈക്കർ ഒരൊറ്റ ഗോൾ പോലും ഇതുവരെ നേടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *