അർജൻ്റൈൻ മിഡ്ഫീൽഡർ ലീഡ്സിലേക്ക്?

അർജൻ്റൈൻ പരിശീലകൻ മാഴ്സലോ ബിയൽസയുടെ കീഴിൽ 16 വർഷത്തിന് ശേഷം പ്രീമിയർ ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ലീഡ്സ് യുണൈറ്റഡ് അവരുടെ ടീം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. നിരവധി താരങ്ങളെയാണ് അവർ നോട്ടമിട്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനി നോർവിച്ച് സിറ്റിയുടെ അർജൻ്റൈൻ താരം എമിലിയാനോ ബുവെണ്ടിയയാണ്. നോർവിച്ച് സിറ്റി പ്രീമിയർ ലീഗിൽ നിന്നും റെലഗേറ്റ് ചെയ്യപ്പെട്ടതിനാൽ ഈ ഡീൽ നടക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. 23കാരനായ അർജൻ്റൈൻ താരത്തിന് 25 മില്ല്യൺ പൗണ്ടാണ് നോർവിച്ച് സിറ്റി വിലയിട്ടിരിക്കുന്നത്. 2018 മുതൽ നോർവിച്ച് സിറ്റിയിൽ കളിക്കുന്നതിനാൽ താരത്തിന് ഇംഗ്ലീഷ് ഫുട്ബോളിൽ ആവശ്യത്തിന് പരിചയ സമ്പത്തുള്ളത് ലീഡ്സിന് ഗുണമാകും.

ബുവെണ്ടിയയെ കൂടാതെ ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രുഗ്ഗെയുടെ നൈജീരിയൻ താരം ഇമ്മാനുവെൽ ഡെന്നിസിനായും ലീഡ്സ് ശ്രമം നടത്തുന്നുണ്ട്. താരത്തിനായി ആഴ്സണലും രംഗത്തുള്ളതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം നടക്കും എന്നുറപ്പാണ്. മറ്റൊരു ബെൽജിയൻ ക്ലബ്ബായ ജെൻ്റിൻ്റെ കനേഡിയൻ താരം ജൊനാഥൻ ഡേവിഡിന് വേണ്ടിയും ലീഡ്സും ആഴ്സണലും ഒരുപോലെ ശ്രമം നടത്തുന്നുണ്ട്. ഇതിന് പുറമെ അർജിൻ്റയിൻ താരം യുവാൻ ഫോയ്ത്ത് ടോട്ടൻഹാം ഹോട്സ്പറിൽ നിന്നും ലോണിൽ ലീഡ്സിലെത്തുമെന്നും വാർത്തയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *