അർജന്റൈൻ സൂപ്പർ താരത്തെ ജിറോണയിലേക്കയക്കാൻ തീരുമാനിച്ച് സിറ്റി!

കഴിഞ്ഞ ജനുവരിയിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി അർജന്റൈൻ സൂപ്പർതാരമായ ക്ലോഡിയോ എച്ചവേരിയെ സൈൻ ചെയ്തത്.അർജന്റൈൻ ക്ലബ്ബായ റിവർപ്ലേറ്റിൽ നിന്നാണ് ഈ 18കാരനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. പിന്നീട് ലോണിൽ അവിടെത്തന്നെ തുടരാൻ താരത്തെ അനുവദിക്കുകയായിരുന്നു. പുതിയ മെസ്സി എന്നറിയപ്പെടുന്ന എച്ചവേരി ഹൂലിയൻ ആൽവരസിന്റെ പാത പിൻപറ്റി മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.

2025 ജനുവരി വരെ എച്ചവേരിയെ റിവർ പ്ലേറ്റിൽ തുടരാൻ മാഞ്ചസ്റ്റർ സിറ്റി അനുവദിച്ചിരുന്നു.പക്ഷേ ഇപ്പോൾ അവർക്ക് മറ്റൊരു പ്ലാനാണ് ഉള്ളത്. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള ക്ലബ് ആണ് സ്പാനിഷ് ക്ലബ്ബായ ജിറോണ.അവിടേക്ക് അദ്ദേഹത്തെ ലോണിൽ അയക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ജിറോണ നടത്തിയിട്ടുള്ളത്.

ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ജിറോണ ഉള്ളത്.കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണക്കെതിരെ ഒരു മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.എച്ചവേരിയെ ഈ സ്പാനിഷ് ക്ലബ്ബിലേക്ക് പറഞ്ഞയച്ചാൽ അദ്ദേഹത്തിന് അവിടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും കൂടുതൽ മികവിലേക്ക് ഉയരാൻ കഴിയും എന്നുമാണ് മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്നത്. മാത്രമല്ല യൂറോപ്യൻ ഫുട്ബോളുമായി ഇഴകി ചേരാൻ ആവശ്യമായ സമയം താരത്തിന് ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ എച്ചവേരിയെ ലോണിൽ അയക്കാൻ സിറ്റി തീരുമാനിച്ചിട്ടുണ്ട്.

പക്ഷേ ഇവിടെ തടസ്സമായി നിലകൊള്ളുന്നത് യുവേഫയുടെ ഒരു നിയമമാണ്. അതായത് ജിറോണ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഒരേ ഉടമസ്ഥതയിലുള്ള ക്ലബ്ബുകൾ ലോണടിസ്ഥാനത്തിൽ താരങ്ങളെ കൈമാറുന്നത് യുവേഫയുടെ കോമ്പറ്റീഷനിൽ വിലക്കപ്പെട്ടിട്ടുണ്ട്. ഈ തടസ്സം നീങ്ങിയാൽ മാത്രമാണ് എച്ചവേരിക്ക് ജിറോണയിൽ എത്താൻ സാധിക്കുക.അർജന്റൈൻ ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള താരമാണ് എച്ചവേരി. അദ്ദേഹം ജിറോണക്ക് വേണ്ടി കളിക്കുന്നത് തീർച്ചയായും അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്യുന്ന കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *