അർജന്റൈൻ പ്രതിരോധ നിരയിലെ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ആഴ്സണൽ!
പോർട്ടോയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ഫാബിയോ വിയേരയെ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം പ്രീമിയർലീഗ് വമ്പന്മാരായ ആഴ്സണലിന് സാധിച്ചിരുന്നു. എന്നാൽ കൂടുതൽ താരങ്ങളെ ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റ ലക്ഷ്യം വെക്കുന്നുണ്ട്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഗബ്രിയേൽ ജീസസ്,റഫീഞ്ഞ എന്നിവർ അതിൽ പെട്ടവരാണ്.
അതേസമയം പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്താനും ആഴ്സണൽ ഉദ്ദേശിക്കുന്നുണ്ട്. അർജന്റീനയുടെ പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനെസിനെയാണ് ഇപ്പോൾ ഗണ്ണേഴ്സ് നോട്ടമിട്ടിരിക്കുന്നത്. ഡച്ച് ക്ലബ്ബായ അയാക്സിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨 Arsenal defensive priority this window is Lisandro Martinez. Wanted for ability to play LCB / LB + 24yo Argentina international said to be keen. Sources indicate ~€30m bid already rejected by #Ajax but #AFC will keep pushing. That & more @TheAthleticUK https://t.co/OxgBbdOOAo
— David Ornstein (@David_Ornstein) June 17, 2022
താരത്തിന് വേണ്ടി 30 മില്യൺ യൂറോയുടെ ഒരു ഓഫർ ആഴ്സണൽ അയാക്സിന് നൽകിയിരുന്നു. എന്നാലിത് അയാക്സ് നിരസിക്കുകയായിരുന്നു. പക്ഷേ ഗണ്ണേഴ്സ് പിന്മാറാൻ ഒരുക്കമല്ല. താരത്തിന് വേണ്ടി വീണ്ടും ശ്രമങ്ങൾ ആഴ്സണൽ തുടർന്നേക്കും.
2019ൽ കേവലം 6 മില്യൺ യൂറോക്കായിരുന്നു ലിസാൻഡ്രോ അയാക്സിൽ എത്തിയത്. മികച്ച പ്രകടനമാണ് താരം ക്ലബ്ബിൽ പുറത്തെടുത്തിട്ടുള്ളത്. മാത്രമല്ല കോപ്പ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിന്റെ ഭാഗമാവാനും ലിസാൻഡ്രോക്ക് സാധിച്ചിരുന്നു.