അവരെ ഞങ്ങളുടെ തട്ടകത്തിൽ കിട്ടാൻ കാത്തിരിക്കുകയാണ്: വിവാദങ്ങളോട് പ്രതികരിച്ച് ഗബ്രിയേൽ!
പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും സമനിലയിൽ പിരിയുകയാണ് ചെയ്തിട്ടുള്ളത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ സിറ്റി തോൽവി അഭിമുഖീകരിച്ചിരുന്നു. 10 പേരായി ചുരുങ്ങിയ ആഴ്സണൽ ഒരു വലിയ പോരാട്ട വീര്യം തന്നെയാണ് പുറത്തെടുത്തത്. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ അവർ സമനില വഴങ്ങുകയായിരുന്നു.
സിറ്റി സമനില ഗോൾ നേടിയതിന് പിന്നാലെ ഒരു പിടി വിവാദ സംഭവങ്ങളും അരങ്ങേറിയിരുന്നു.ഇരു ടീമിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു. മാത്രമല്ല ഗോൾ നേടിയതിനു ശേഷം ഹാലന്റ് ഗബ്രിയേലിന്റെ തലയുടെ പിറകിലേക്ക് പന്ത് എറിഞ്ഞത് വലിയ വിവാദമായിരുന്നു. ഏതായാലും ഇക്കാര്യങ്ങളിലൊക്കെ ഗബ്രിയേൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെ ഞങ്ങളുടെ മൈതാനത്ത് വെച്ച് കിട്ടാൻ കാത്തിരിക്കുകയാണ് എന്നാണ് ഗബ്രിയേൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാഞ്ചസ്റ്റർ സിറ്റിയെ ഞങ്ങളുടെ ഗ്രൗണ്ടിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഞങ്ങൾ ഇപ്പോൾ.ഹാലന്റ് എന്താണ് എന്നോട് ചെയ്തത് എന്നുള്ളത് ഞാൻ ഓർക്കുന്നില്ല.പക്ഷേ അതൊക്കെ സാധാരണമായ ഒരു കാര്യമാണ്.അവർ നേടിയ സമനിലക്ക് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.പ്രകോപനങ്ങളും കയ്യാങ്കളിയും ഒക്കെ സാധാരണമാണ്.അതൊക്കെ ഈ മത്സരത്തിന്റെ ഭാഗമാണ്. അതൊക്കെ അവിടെ അവസാനിച്ചിട്ടുണ്ട് ” ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ ഗബ്രിയേലും ഹാലന്റും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മത്സരശേഷം ഗബ്രിയേൽ ജീസസും ഹാലന്റും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. മത്സരത്തിൽ ഒരല്പം അഗ്രസീവ് ആയികൊണ്ടാണ് ഹാലന്റിനെ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്.സിറ്റിയുടെ ആദ്യ ഗോൾ നേടിയത് അദ്ദേഹം തന്നെയായിരുന്നു.