അവന്റെ ആലോചന ഒന്ന് കഴിയട്ടെ, എന്നിട്ടാവാം ബാക്കി കാര്യങ്ങൾ:ആൽവരസിനെ കുറിച്ച് പെപ്
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.അത്തരത്തിലുള്ള ഒരു സൂചന താരം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ പുറത്തിരുത്തിയത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു ആൽവരസ് പറഞ്ഞിരുന്നത്. തന്റെ ഭാവിയെക്കുറിച്ച് താൻ ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഹൂലിയൻ ആൽവരസ് പറഞ്ഞിരുന്നു.അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.
ഇതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയോട് ചോദിക്കപ്പെട്ടിരുന്നു. അതായത് ഹൂലിയൻ ആൽവരസ് പോയാൽ പകരക്കാരനെ കൊണ്ടുവരുമോ എന്നായിരുന്നു ചോദ്യം. ആദ്യം ആൽവരസിന്റെ ആലോചന കഴിയട്ടെ എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാനിപ്പോൾ പകരക്കാരനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. തന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.ആദ്യം അത് കഴിയട്ടെ. എന്നിട്ട് അദ്ദേഹത്തിന്റെ ഏജന്റ് ഞങ്ങളെ വിളിക്കും. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.പ്രധാനപ്പെട്ട മത്സരങ്ങളിൽ അദ്ദേഹം പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളത് എനിക്കറിയാം.പക്ഷേ മറ്റുള്ള താരങ്ങളും അത് ആഗ്രഹിക്കുന്നുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന 18-19 താരങ്ങൾ ഞങ്ങൾക്കുണ്ട്.ആദ്യം അദ്ദേഹത്തിന്റെ ആലോചന ഒന്ന് കഴിയട്ടെ. എന്നിട്ട് അദ്ദേഹം ഞങ്ങളെ അറിയിച്ചോളും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരമാണ് ഹൂലിയൻ ആൽവരസ്. നിലവിൽ മൂന്ന് ക്ലബ്ബുകൾക്ക് അദ്ദേഹത്തിൽ താൽപര്യമുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ്,പിഎസ്ജി,ചെൽസി എന്നിവരാണ് ആ ക്ലബ്ബുകൾ. പക്ഷേ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്തെന്നാൽ വലിയ ഒരു തുക തന്നെ മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെട്ടേക്കും.