അരങ്ങേറ്റത്തിൽ തന്നെ ഗോളടിച്ച് ആന്റണി,പൊളിച്ചടുക്കി റാഷ്ഫോർഡ്,ആഴ്സണലിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്!
ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ ഹീറോ. അരങ്ങേറ്റത്തിൽ തന്നെ ഗോളടിച്ചുകൊണ്ട് ആന്റണി ആരാധകരുടെ കൈയ്യടി നേടുകയായിരുന്നു.
ഇതോടെ ആഴ്സണലിന്റെ വിജയ കുതിപ്പിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിരാമം കുറിച്ചു. ആദ്യ അഞ്ചുമത്സരങ്ങളും വിജയിച്ചു വന്ന ആഴ്സണലിന് യുണൈറ്റഡിനെ കീഴടക്കാനാവാതെ പോവുകയായിരുന്നു. അതേസമയം ലീഗിലെ തുടർച്ചയായ നാലാമത്തെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ 15 പോയിന്റ് ഉള്ള ആഴ്സണൽ ഒന്നാം സ്ഥാനത്തും 12 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,കാസമിറോ എന്നിവരെ ഒരിക്കൽ കൂടി ബെഞ്ചിൽ ഇരുത്തി കൊണ്ടാണ് ടെൻഹാഗ് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്.അതേസമയം ആന്റണി ആദ്യ ഇലവനിൽ ഇടം നേടി.35-ആം മിനുട്ടിലാണ് ആന്റണി യുണൈറ്റഡിന് ലീഡ് നേടിക്കൊടുക്കുന്നത്.റാഷ്ഫോർഡിന്റെ പാസ് ആന്റണി അനായാസം വലയിൽ എത്തിക്കുകയായിരുന്നു.എന്നാൽ 60-ആം മിനുട്ടിൽ സാക്ക ഈ ഗോളിന് മറുപടി നൽകി.
Four wins in a row for the Reds! ➕3️⃣#MUFC || #MUNARS
— Manchester United (@ManUtd) September 4, 2022
പക്ഷേ പിന്നീട് റാഷ്ഫോർഡ് അവതരിക്കുകയായിരുന്നു.66-ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ നെടുനീളൻ പാസ് റാഷ്ഫോർഡ് ഫിനിഷ് ചെയ്തു.75-ആം മിനുട്ടിൽ റാഷ്ഫോർഡ് വീണ്ടും ഗോൾ കണ്ടെത്തുകയായിരുന്നു.ഇത്തവണ എറിക്ക്സൺ നൽകിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ.ഇതോടെ ആർസനൽ പരാജയം സമ്മതിക്കുകയായിരുന്നു.
ഇനി യൂറോപ്പ ലീഗിലാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക.റയൽ സോസിഡാഡാണ് യുണൈറ്റഡിന്റെ എതിരാളികൾ.