അമോറിം യുണൈറ്റഡിലേക്ക്, സ്ഥിരീകരിച്ച് ക്ലബ്
വളരെ ദയനീയമായ ഒരു പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേവലം നാലു മത്സരങ്ങളിൽ മാത്രമാണ് ആകെ ഈ സീസണിൽ അവർ വിജയിച്ചിട്ടുള്ളത്.പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. അവരുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പരിശീലകനായ എറിക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതും.
താൽക്കാലിക പരിശീലകനായി കൊണ്ട് നിസ്റ്റൽ റൂയിയെ അവർ നിയമിച്ചിട്ടുണ്ട്. ഉടൻ തന്നെ ഒരു സ്ഥിര പരിശീലകനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ് ഉള്ളത്.അത് ഏതാണ്ട് ഫലം കണ്ടിട്ടുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയുടെ പരിശീലകനായ റൂബൻ അമോറിമാണ് യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് എത്തുന്നത്. ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം സ്പോർട്ടിങ് തന്നെ നടത്തിയിട്ടുണ്ട്.
അതായത് ഈ പരിശീലകനെ കൊണ്ടുവരണമെങ്കിൽ റിലീസ് ക്ലോസ് നൽകേണ്ടതുണ്ട്. 10 മില്യൺ യൂറോയാണ് ഈ പരിശീലകന്റെ റിലീസ് ക്ലോസ്. ഇത് നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായി കഴിഞ്ഞു എന്നുള്ള കാര്യമാണ് സ്പോർട്ടിങ് അറിയിച്ചിട്ടുള്ളത്. ഏതായാലും അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഒഫീഷ്യൽ സ്ഥിരീകരണം അധികം വൈകാതെ തന്നെ യുണൈറ്റഡ് നടത്തിയേക്കും.
ഈ പരിശീലകന് കീഴിൽ ഗംഭീര പ്രകടനമാണ് സ്പോർട്ടിങ് നടത്തിക്കൊണ്ടിരിക്കുന്നത്.പോർച്ചുഗീസ് ലീഗിൽ ആകെ 9 മത്സരങ്ങളാണ് അവർ കളിച്ചിട്ടുള്ളത്.ആ 9 മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.30 ഗോളുകൾ നേടിയപ്പോൾ രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഈയൊരു സാഹചര്യത്തിലാണ് അദ്ദേഹം യുണൈറ്റഡിന് വേണ്ടി ക്ലബ്ബ് വിടുന്നത്.യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.