അമേരിക്കക്കാരനായതിനാൽ വിവേചനം നേരിട്ടു, ചേർത്തുപിടിച്ചത് റൊണാൾഡോ: യുണൈറ്റഡ് മുൻ സഹപരിശീലകൻ വ്യക്തമാക്കുന്നു!

ഡിസംബർ 2021ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി കൊണ്ട് റാൾഫ് റാഗ്നിക്ക് ചുമതലയേറ്റത്.അദ്ദേഹത്തിന് കീഴിൽ വളരെ മോശം പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തിരുന്നത്. കേവലം 58 പോയിന്റുകൾ മാത്രം നേടികൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചിരുന്നത്. തുടർന്ന് മെയ് 2022ൽ റാൾഫ് റാഗ്നിക്ക് ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാൾഫ് തന്റെ സഹപരിശീലകനായിക്കൊണ്ട് നിയമിച്ചിരുന്നത് അമേരിക്കക്കാരനായിരുന്ന ക്രിസ് അർമാസിനെയായിരുന്നു. അമേരിക്കക്ക് പുറത്ത് അദ്ദേഹത്തിന് പരിചയം കുറവായിരുന്നു. അതിനാൽ തന്നെ വരുന്ന സമയത്ത് തന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്നും ഏൽക്കേണ്ടി വന്നു. അമേരിക്കക്കാരൻ ആയതിനാൽ തനിക്ക് വിവേചനങ്ങൾ ഏൽക്കേണ്ടി വന്നുവെന്നും എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ചേർത്തു പിടിച്ചിരുന്നു എന്നുമാണ് അർമാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ക്ലബ്ബിന് അകത്തേക്ക് പ്രവേശിച്ചപ്പോൾ എനിക്കൊരു വിവേചനം നേരിടേണ്ടി വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.പക്ഷേ ക്ലബ്ബിനകത്ത് അങ്ങനെ സംഭവിച്ചില്ല. എല്ലാവരും ഹാർദ്ദവമായാണ് എന്നെ സ്വാഗതം ചെയ്തത്.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെ ചേർത്തുപിടിക്കുകയും സ്വീകരിക്കുകയും ചെയ്തു. എന്നെപ്പറ്റി അവർ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. പക്ഷേ ടീമിന്റെ പ്രകടനം മോശമായതോടുകൂടി മാധ്യമങ്ങൾ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി.ഞാനായിരുന്നു അവിടുത്തെ ഈസി ടാർഗറ്റ്.ഞാൻ അമേരിക്കക്കാരൻ ആയതുകൊണ്ടാണോ എന്നറിയില്ല.പക്ഷേ എല്ലാവരും എന്നെയായിരുന്നു ആദ്യം ടാർഗറ്റ് ചെയ്തിരുന്നത് “അർമാസ് പറഞ്ഞു

റാഗ്നിക്ക് ക്ലബ്ബ് വിട്ടതിനുശേഷമായിരുന്നു പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് വന്നിരുന്നത്.ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് റൊണാൾഡോക്ക് ക്ലബ്ബിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. നിലവിൽ സൗദി അറേബ്യയിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *