അപ്പീൽ ഫലം കണ്ടു,ബ്രൂണോയുടെ റെഡ് കാർഡും സസ്പെൻഷനും പിൻവലിച്ചു!
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഓൾഡ് ട്രഫോഡിലാണ് ഈയൊരു തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് പുറത്തു പോയത് അവർക്ക് തിരിച്ചടിയായിരുന്നു.
ജെയിംസ് മാഡിസണെ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു യുണൈറ്റഡ് ക്യാപ്റ്റന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നത്.സ്ട്രൈറ്റ് റെഡ് കാർഡ് ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.എന്നാൽ ഇതിനെതിരെ യുണൈറ്റഡ് ആരാധകർക്കിടയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.അത് റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. മത്സരശേഷം ബ്രൂണോ ഫെർണാണ്ടസ് തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
സ്ട്രൈറ്റ് റെഡ് കാർഡ് ലഭിച്ചത് കൊണ്ട് തന്നെ അടുത്ത മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു. എന്നാൽ ഇതിനെതിരെ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനിൽ അപ്പീൽ നൽകിയിരുന്നു.ആ അപ്പീൽ ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്.താരത്തിന്റെ സസ്പെൻഷനുകൾ പിൻവലിച്ചിട്ടുണ്ട്. യുണൈറ്റഡ്നു വേണ്ടിയുള്ള അടുത്ത മത്സരങ്ങളിൽ കളിക്കാൻ ഈ സൂപ്പർ താരത്തിന് സാധിക്കും.
അത് റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്. റഫറിയുടെ ഭാഗത്ത് നിന്ന് തെറ്റായ തീരുമാനം ഉണ്ടായി എന്നും അവർ തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുണ്ട്.ഇത് യുണൈറ്റഡിന് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. വരുന്ന മത്സരങ്ങളിൽ താരത്തെ ക്ലബ്ബിന് ലഭ്യമായിരിക്കും. ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് യുണൈറ്റഡിന്റെ എതിരാളികൾ. 6 മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയങ്ങൾ മാത്രം നേടിയ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 13ആം സ്ഥാനത്താണ്.