അന്ന് റൊമേറോയുടെ ഹാൻഡ് ബോൾ,ഇന്നും അതിന് മാറ്റമില്ല: പെനാൽറ്റി കിട്ടാത്തതിൽ പ്രതിഷേധിച്ച് ടെൻ ഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ടോട്ടൻഹാമാണ് യുണൈറ്റഡിനെ ഓൾഡ് ട്രഫോഡിൽ വെച്ച് സമനിലയിൽ തളച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഹൊയ്ലുണ്ട് യുണൈറ്റഡിന് വേണ്ടി തിളങ്ങുകയായിരുന്നു.റിച്ചാർലീസൺ,ബെന്റാൻക്യൂർ എന്നിവർ സ്പർസിന് വേണ്ടി ഗോളുകൾ നേടുകയായിരുന്നു.

മത്സരത്തിൽ യുണൈറ്റഡിന് ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി നിഷേധിക്കുകയായിരുന്നു.ഗർനാച്ചോയെ ടോട്ടൻഹാം താരം ഫൗൾ ചെയ്തത് റഫറി അനുവദിക്കാതെ പോവുകയായിരുന്നു. ഇക്കാര്യത്തിൽ ടെൻ ഹാഗ് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഹാൻഡ് ബോളിന് റഫറി പെനാൽറ്റി നൽകാത്തതും ഇദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അത് ഞങ്ങൾ പെനാൽറ്റി അർഹിച്ചിരുന്നു.പെനാൽറ്റി നൽകാത്തതിൽ ഞാൻ അത്ഭുതപ്പെട്ടു. പക്ഷേ എനിക്ക് എന്ത് ചെയ്യാൻ കഴിയും? എനിക്കിപ്പോൾ ഇത് പരിചയമായി. ഇവർക്കെതിരെ കഴിഞ്ഞ മത്സരത്തിൽ അവരുടെ മൈതാനത്ത് വെച്ച് റൊമേറോയുടെ ഒരു ഹാൻഡ് ബോൾ ഉണ്ടായിരുന്നു.അന്നും പെനാൽറ്റി നൽകിയിരുന്നില്ല.ഏതെങ്കിലും ഒരു ഘട്ടത്തിൽ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടി ആഗ്രഹിക്കുക എന്നല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. 21 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ലിവർപൂൾ ആണ്. അടുത്ത ലീഗ് മത്സരത്തിൽ യുണൈറ്റഡ് വോൾവ്സിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *