അനുയോജ്യമായ ക്ലബ്ബ് ലഭിക്കുന്നില്ല,റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാൻ നിർബന്ധിതനാകുന്നു?
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്നുള്ള നിലപാടിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നിലപാടുകൾ നേരത്തെ വ്യക്തമാക്കിയതാണ്. റൊണാൾഡോ വിൽപ്പനക്കുള്ളതല്ല എന്നുള്ളത് യുണൈറ്റഡിന്റെ പരിശീലകൻ ടെൻ ഹാഗ് ആവർത്തിച്ച് പറഞ്ഞിരുന്നു.
അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ഒരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്.പക്ഷേ ഇതുവരെ അദ്ദേഹത്തിന് തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ നിർബന്ധിതനാകുന്നു എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ വിലയിരുത്തിയിട്ടുള്ളത്.
വമ്പൻമാരായ ചെൽസി,ബയേൺ,പിഎസ്ജി എന്നീ ക്ലബ്ബുകളുമായി റൊണാൾഡോയെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ക്ലബ്ബുകൾ തന്നെ ഇത് തള്ളിക്കളയുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഏറ്റവും പുതുതായി സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡുമായായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പുരോഗതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.
— Murshid Ramankulam (@Mohamme71783726) July 23, 2022
അതേസമയം അമേരിക്കൻ ക്ലബ്ബുകളിൽ നിന്നും മിഡിൽ ഈസ്റ്റ് ക്ലബ്ബുകളിൽ നിന്നുമൊക്കെ റൊണാൾഡോക്ക് ഓഫറുകൾ ലഭിച്ചിരുന്നു.പക്ഷേ അതെല്ലാം താരം തന്നെ നിരസിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളതിനാണ് റൊണാൾഡോ മുൻഗണന നൽകുന്നത്.
എന്തായാലും നിലവിൽ റൊണാൾഡോക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുണൈറ്റഡുമായി അദ്ദേഹത്തിന് ഇനിയും കരാർ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ പറ്റിയ ക്ലബ്ബ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അടുത്ത സീസണിലും റൊണാൾഡോ യുണൈറ്റഡിൽ തന്നെയുണ്ടാവും.