അത് റെഡ് കാർഡല്ല, എന്റെ സഹതാരങ്ങളെ അഭിനന്ദിക്കുന്നു:ബ്രൂണോ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 42 മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് സ്ട്രൈറ്റ് റെഡ് കാർഡ് കണ്ട് പുറത്തു പോയത് യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു.ജെയിംസ് മാഡിസണെ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു യുണൈറ്റഡ് ക്യാപ്റ്റന് റെഡ് കണ്ട് പുറത്ത് പോവേണ്ടി വന്നത്.
എന്നാൽ അക്കാര്യത്തിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അത് റെഡ് അർഹിച്ചിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.ബ്രൂണോ ഫെർണാണ്ടസ് തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. അത് റെഡ് കാർഡ് അർഹിച്ചിരുന്നില്ലെന്നും ഫൗളിന് ഇരയായ മാഡിസൺ തന്നെ അക്കാര്യം തന്നോട് പറഞ്ഞു എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അതൊരിക്കലും ഒരു റെഡ് കാർഡ് അല്ല. അതാണ് എന്റെ കാഴ്ചപ്പാട്.ഫൗൾ ഞാൻ അംഗീകരിക്കുന്നു. ഒരുപക്ഷേ യെല്ലോ കാർഡ് അർഹിക്കുന്നുണ്ടാവാം.പക്ഷേ റെഡ് കാർഡിന് ഉള്ളത് ഉണ്ടായിരുന്നില്ല. ഞാൻ പോയതിനുശേഷം എന്റെ സഹതാരങ്ങൾ എടുത്ത എഫർട്ടിനെ ഞാൻ അഭിനന്ദിക്കുന്നു. തീർച്ചയായും അവർ അത് അർഹിക്കുന്നുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായതിനു ശേഷം ആദ്യമായാണ് ബ്രൂണോ റെഡ് കാർഡ് വഴങ്ങുന്നത്. 242 മത്സരങ്ങൾക്ക് ശേഷമാണ് ഈ റെഡ് വരുന്നത്.ഏതായാലും വളരെ ദയനീയമായ അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ്.കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.