അത് പെനാൽറ്റിയായിരുന്നു, അവർ മാപ്പ് പറഞ്ഞു: വിമർശനവുമായി വോൾവ്സ് കോച്ച്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തിയത്. ഡിഫൻഡർ വരാനെ നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. പക്ഷേ മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു വോൾവ്സ് നടത്തിയത്.23 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്തുവെങ്കിലും ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

മത്സരത്തിന്റെ അവസാനത്തിൽ യുണൈറ്റഡ് ഗോൾകീപ്പറായ ആൻഡ്രേ ഒനാന വോൾവ്സ് താരമായ സാസയെ ഫൗൾ ചെയ്തിരുന്നു. എന്നാൽ റഫറിയോ VAR റഫറിയോ അത് പെനാൽറ്റി അനുവദിച്ച് നൽകിയിരുന്നില്ല. പക്ഷേ പിന്നീട് അത് പെനാൽറ്റിയായിരുന്നു എന്നുള്ള കാര്യം റഫറിമാരുടെ സംഘടന സമ്മതിച്ചുവെന്നും തന്നോട് മാപ്പ് പറഞ്ഞുവെന്നും വോൾവ്സ് പരിശീലകനായ ഒ നെയിൽ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ആ സമയത്ത് തന്നെ പറഞ്ഞതാണ് അത് ഫൗൾ ആണെന്ന്.ഞങ്ങൾ പെനാൽറ്റി അർഹിച്ചിരുന്നു. പിന്നീട് ഞാൻ PGMOL ന്റെ മാനേജർ ജൊനാഥൻ മോസുമായി സംസാരിച്ചിരുന്നു. അത് പെനാൽറ്റി ആണെന്ന് അദ്ദേഹം സമ്മതിച്ചു.അദ്ദേഹം ഞങ്ങളോട് മാപ്പ് പറയുകയും ചെയ്തു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു എന്നുള്ളതൊക്കെ ശരിയാണ്.പക്ഷേ എനിക്ക് ഇതൊന്നും ശരിയായി തോന്നുന്നില്ല. റഫറിയും VAR ഉം പെനാൽറ്റി നൽകാത്തത് അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. നമ്മുടെ ഭാഗത്ത് ശരിയുണ്ടായിട്ടും ഒന്നും നേടാൻ കഴിയാതെ പോകുന്നത് വളരെ മോശമായ ഒരു കാര്യമാണ് ” ഇതാണ് വോൾവ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആ പെനാൽറ്റി ലഭിക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തിരുന്നുവെങ്കിൽ വോൾവ്സിന് സമനിലയെങ്കിലും നേടാമായിരുന്നു. തോൽവി പിണഞ്ഞെങ്കിലും മികച്ച പ്രകടനം നടത്താനായി എന്നത് വോൾവ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്. അടുത്ത മത്സരത്തിൽ ബ്രൈറ്റണാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *