അതോർത്ത് എനിക്കെന്റെ ഉറക്കം നഷ്ടപ്പെട്ടു:ആർട്ടെറ്റ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആഴ്സണലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ വിജയിച്ചിട്ടുള്ളത്.മത്സരത്തിന്റെ 64ആം മിനിട്ടിൽ ബ്രസീലിയൻ താരമായ ഗബ്രിയേൽ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.സാക്കയുടെ അസിസ്റ്റിൽ നിന്നും ഹെഡറിലൂടെയാണ് ഗബ്രിയേൽ ഈ വിജയഗോൾ കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ ഈ മത്സരത്തിന് നിരവധി താരങ്ങളെ ആഴ്സണലിന് ലഭ്യമായിരുന്നില്ല.ഡെക്ലാൻ റേസിന് സസ്പെൻഷനായിരുന്നു.ഒഡെഗാർഡ്,കലാഫിയോരി,മെറിനോ എന്നിവർ പരിക്കിന്റെ പിടിയിലായിരുന്നു. കൂടാതെ തൊമിയാസു,കിയർനി എന്നിവരും ഈ മത്സരത്തിൽ നിന്നും പുറത്തായിരുന്നു. ഇന്റർനാഷണൽ ബ്രേക്കിനിടെ താരങ്ങൾക്ക് പരിക്കേറ്റത് ശരിക്കും ആഴ്സണലിന് തിരിച്ചടിയാവുകയായിരുന്നു.
ഇതേക്കുറിച്ച് ആഴ്സണൽ പരിശീലകനായ ആർടെറ്റ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഈ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് തനിക്ക് ഉറക്കം നഷ്ടമായി എന്നാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഞാൻ ഒട്ടും ആസ്വദിച്ചിട്ടില്ല.എനിക്ക് എന്റെ ഉറക്കം പോലും നഷ്ടമായി. ഈ മത്സരത്തിന്റെ 5 ദിവസങ്ങൾക്ക് മുന്നേ വരെ എനിക്ക് കൃത്യമായ പ്ലാനുകൾ ഉണ്ടായിരുന്നു.മീറ്റിങ്ങുകൾക്ക് വേണ്ടിയും ട്രെയിനിങ്ങുകൾക്ക് വേണ്ടിയും ഞാൻ സജ്ജനായിരുന്നു. പക്ഷേ ഓരോരോ താരങ്ങളെ എനിക്ക് നഷ്ടമാകുന്ന വാർത്തകളാണ് പിന്നീട് എനിക്ക് കേൾക്കേണ്ടി വന്നത്.അതുകൊണ്ടുതന്നെ എന്റെ പ്ലാനുകൾ മുഴുവനും എനിക്ക് മാറ്റേണ്ടി വന്നു.ലഭ്യമായ താരങ്ങളെ വെച്ച് പുതിയ പ്ലാനുകൾ നിർമ്മിക്കേണ്ടിവന്നു.അത് വലിയ ഒരു വെല്ലുവിളി തന്നെയാണ് ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് ആഴ്സണലിന് സന്തോഷം നൽകുന്ന കാര്യമാണ്.നാലു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ആഴ്സണൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അറ്റലാന്റയാണ് ആഴ്സണലിന്റെ എതിരാളികൾ.