അതൊരു ദുസ്വപ്നം: സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി ബ്രൂണോ ഫെർണാണ്ടസ്!
സ്പോർട്ടിങ്ങിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത് മുതൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബ്രൂണോ ഫെർണാണ്ടസ്. പക്ഷേ ഇതുവരെ ക്ലബ്ബിനോടൊപ്പം ഒരൊറ്റ കിരീടം പോലും നേടാൻ ബ്രൂണോക്ക് സാധിച്ചിട്ടില്ല.ഈ സീസണിലെ കിരീട പ്രതീക്ഷകളും ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്.എഫ്എ കപ്പിൽ നിന്നും കരബാവോ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്തായിട്ടുണ്ട്.പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ യുണൈറ്റഡിന് സംബന്ധിച്ചിടത്തോളം കേവലമൊരു വിദൂര സാധ്യത മാത്രമാണ്.
ഏതായാലും ഇതിലുള്ള അതൃപ്തി യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസ് തുറന്നു പറഞ്ഞിട്ടുണ്ട്.യുണൈറ്റഡിന് ഒരു കിരീടം നേടികൊടുക്കാൻ കഴിയാത്തത് ഒരു ദുസ്വപ്നമായിരിക്കുമെന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം പ്രീമിയർ ലീഗ് പ്രൊഡക്ഷൻസ്സിനോട് സംസാരിക്കുകയായിരുന്നു താരം.ബ്രുണോയുടെ വാക്കുകൾ ഇങ്ങനെയാണ്.
"Not winning a title for this club is like a nightmare" #MUFC https://t.co/ZxzYqpoz4u
— Man United News (@ManUtdMEN) February 11, 2022
” ഞാൻ ഇവിടെ ഹാപ്പിയാണ്.ഞാൻ എപ്പോഴും പറയാറുണ്ട്,ക്ലബ്ബിന് ഒരു കിരീടം നേടി കൊടുക്കാൻ കഴിയാത്തത് ദുസ്വപ്നമാണ്.കാരണം ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കീരീടങ്ങൾക്ക് വേണ്ടിയാണ്.ഞാൻ എനിക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത്.അത് മാത്രമല്ല, ഈ ക്ലബ്ബ് കിരീടങ്ങൾ അർഹിക്കുന്നുണ്ടെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഈ ആരാധകരും അർഹിക്കുന്നുണ്ട്.ഒരുപാട് കാലം കിരീടങ്ങൾ ഇല്ലാതെ മുന്നോട്ട് പോവേണ്ട ക്ലബല്ല ഇത്. രണ്ടാഴ്ച്ച മുമ്പ് രണ്ട് കിരീടങ്ങൾ നേടാനുള്ള അവസരം ഞങ്ങൾക്കുണ്ടായിരുന്നു.ഇപ്പോൾ ഞങ്ങൾക്ക് ഒന്ന് മാത്രമേയൊള്ളൂ.ഇപ്പോൾ ഞങ്ങൾ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ വേണ്ടി പോരാടണം” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യുക എന്നുള്ളതായിരിക്കും യുണൈറ്റഡിന്റെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡാണ് യുണൈറ്റഡിന്റെ എതിരാളികൾ.