അടുത്ത ലെവലിലേക്കെത്താൻ റൊണാൾഡോയും സ്ലാട്ടനും ഉപദേശങ്ങൾ നൽകി : എലാങ്ക
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് യുവതാരമായ ആന്റണി എലാങ്ക കാഴ്ച്ചവെച്ചിട്ടുള്ളത്.25 മത്സരങ്ങളാണ് താരം ഈ സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്നായി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കാൻ എലാങ്കക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സ്വീഡന്റെ ദേശീയ ടീമിനു വേണ്ടി എലാങ്ക അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പവും സ്വീഡനിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനൊപ്പവും ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് എലാങ്ക. ഇരുവരും തന്റെ കരിയറിന്റെ ഉന്നതിക്ക് വേണ്ടി ഉപദേശങ്ങൾ നൽകാറുണ്ട് എന്നുള്ളത് എലാങ്ക ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എലാങ്കയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 6, 2022
” ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വെയിൻ റൂണിയെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും കണ്ടു കൊണ്ടാണ് ഞാൻ വളർന്നത്. ഞാൻ പരിശീലനത്തിനിടയിൽ ക്രിസ്ത്യാനോയുമായി ഒരുപാട് സംസാരിക്കാറുണ്ട്. അദ്ദേഹം എപ്പോഴും എനിക്ക് ഉപദേശങ്ങൾ നൽകാറുണ്ട്.ഓൾഡ് ട്രഫോഡിൽ അദ്ദേഹം കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം കളിക്കാൻ എനിക്ക് സാധിക്കുന്നു. അത് അത്ഭുതകരമായ ഒരു അനുഭവമാണ്. എന്നെ സഹായിക്കുന്ന വേറെയും ചില താരങ്ങളുണ്ട്.വിക്ടർ ലിന്റലോഫ് അതിൽ പെട്ട ഒരു താരമാണ്.യുവാൻ മാറ്റയും ബ്രൂണോ ഫെർണാണ്ടസും എന്നെ സഹായിക്കാറുണ്ട്. കൂടാതെ ദേശീയ ടീമിൽ സ്ലാട്ടനിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കാറുണ്ട്. അദ്ദേഹം ഒരുപാട് നല്ല ഉപദേശങ്ങൾ എനിക്ക് നൽകാറുമുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അടുത്ത ലെവലിൽ എത്താൻ സഹായകരമായ ഒരുപാട് എക്സ്പീരിയൻസുകൾ എന്റെ ചുറ്റുമുണ്ട് ” ഇതാണ് എലാങ്ക പറഞ്ഞിട്ടുള്ളത്.
കൂടാതെ യുണൈറ്റഡ് പുതിയ പരിശീലകനായ ടെൻ ഹാഗിനെ കുറിച്ചും എലാങ്ക സംസാരിച്ചിട്ടുണ്ട്. തന്നെപ്പോലെയുള്ള യുവതാരങ്ങളുടെ ഡെവലപ്മെന്റിന് അദ്ദേഹം സഹായകരമാവുമെന്നാണ് പ്രതീക്ഷ എന്നാണ് എലാങ്ക പറഞ്ഞിട്ടുള്ളത്.