അടുത്ത ജനറേഷനിലെ മെസ്സിയാണ് ഹാലന്റ് : അഗ്വേറോ

തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലന്റ് പുറത്തെടുക്കുന്നത്.ഈ സീസണിൽ ആകെ 20 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. ഇതിൽ 15 ഗോളുകൾ പ്രീമിയർ ലീഗിലാണ് നേടിയിട്ടുള്ളത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഹാലന്റ് തന്നെയാണ്.

ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ സെർജിയോ അഗ്വേറോ രംഗത്ത് വന്നിട്ടുണ്ട്. അടുത്ത ജനറേഷനിലെ മെസ്സിയാവാൻ ഹാലന്റിന് കഴിയുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല മറ്റു പല ഇതിഹാസങ്ങളുമായി ഹാലന്റിനെ അഗ്വേറോ താരതമ്യം ചെയ്തിട്ടുമുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഓരോ കാലഘട്ടത്തിലും മികച്ച കഴിവുകളുള്ള സ്ട്രൈക്കർമാർ ലോക ഫുട്ബോളിൽ ഉണ്ടാവാറുണ്ട്. അതിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു താരമാണ് റൊണാൾഡോ നസാരിയോ. അദ്ദേഹം എല്ലാം തികഞ്ഞ ഒരു താരമായിരുന്നു.ഗോൾ മുഖത്ത് അദ്ദേഹം വലിയ ഭീഷണിയുമായിരുന്നു. വ്യത്യസ്ത ശൈലികളുള്ള മികച്ച താരങ്ങൾ എല്ലാ കാലഘട്ടത്തിലും ഉണ്ടാവും.മറഡോണ,റൊമാരിയോ,ലെവന്റോസ്ക്കി,സ്ലാട്ടൻ,മെസ്സി എന്നിവരൊക്കെ ഇത്തരത്തിലുള്ള താരങ്ങളാണ്.ഹാലന്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹം അടുത്ത ജനറേഷനിലെ മെസ്സിയാണ്. ഒരുപാട് ഗോളുകൾ നേടാനുള്ള കഴിവുകൾ അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹത്തെ അപകടകാരിയാകുന്നത്. അദ്ദേഹം യുവതാരമാണ്, ഒരുപാട് റെക്കോർഡുകൾ തകർക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പക്ഷേ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരതയോടു കൂടി കളിക്കുക എന്നുള്ളതാണ് ” അഗ്വേറോ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് സെർജിയോ അഗ്വേറോ. തീർച്ചയായും ഈ സ്ഥിരതയോടു കൂടി ഹാലന്റ് ദീർഘകാലം സിറ്റിയിൽ കളിച്ചാൽ അദ്ദേഹത്തിന് ഉറപ്പായും അഗ്വേറോയുടെ റെക്കോർഡ് തകർക്കാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *