അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്,ഹാലണ്ടിനെ കുറിച്ച് നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ!

തന്റെ ഗോളടി മികവ് കൊണ്ട് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച സൂപ്പർ താരം എർലിംഗ് ഹാലണ്ട് അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് കളിക്കുക.താരത്തെ സ്വന്തമാക്കിയ വിവരം മാഞ്ചസ്റ്റർ സിറ്റി തന്നെ അറിയിച്ചിരുന്നു. താരത്തിന് പ്രീമിയർ ലീഗിലും ഗോളടിച്ചു കൂട്ടാനാവുമോ എന്നുള്ളതാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്ന കാര്യം.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഹാലണ്ടിനെ കുറിച്ചുള്ള അധികമാർക്കും അറിയാത്ത പത്ത് കാര്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

1- പിതാവിന്റെ വഴിയേ തന്നെയാണ് ഇപ്പോൾ ഹാലണ്ട് സഞ്ചാരിച്ച് കൊണ്ടിരിക്കുന്നത്.താരത്തിന്റെ പിതാവായ ആൽഫി മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച താരമാണ്.

2- ഒരു തവണ ഇന്ത്യൻ ടീമിനെതിരെ കളിച്ച താരം കൂടിയാണ് ഹാലണ്ട്.2017-ലെ അണ്ടർ 17 വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യയും നോർവേയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യക്കെതിരെ ഹാലണ്ട് ഗോൾ നേടുകയും ചെയ്തിരുന്നു.

3-ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള അവസരം ഹാലണ്ടിന് ഉണ്ടായിരുന്നു.കാരണം ഹാലണ്ട് ഇംഗ്ലണ്ടിലായിരുന്നു ജനിച്ചിരുന്നത്.എന്നാൽ അദ്ദേഹം നോർവേയെ തിരഞ്ഞെടുക്കുകയായിരുന്നു.

4-മാൻ ചൈൽഡ് എന്നായിരുന്നു ഹാലണ്ടിന് തന്റെ സുഹൃത്തുക്കൾ നൽകിയ ഇരട്ടപ്പേര്.അതായത് കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ വളരെയധികം ഉയരമുള്ള വ്യക്തിയായിരുന്നു ഹാലണ്ട്. അതുകൊണ്ടായിരുന്നു അദ്ദേഹത്തിന് ഈ പേര് വീണത്.

5- തന്റെ അഞ്ചാം വയസ്സിൽ തന്നെ ഒരു ലോക റെക്കോർഡ് സ്വന്തമാക്കാൻ ഹാലണ്ടിന് കഴിഞ്ഞിരുന്നു.തന്റെ അഞ്ചാമത്തെ വയസ്സിലായിരുന്നു 1.63 മീറ്റർ ദൂരമുള്ള ഒരു ലോങ്ങ് ജമ്പ് താരം നടത്തിയത്. അഞ്ച് വയസ്സുള്ള ആരും തന്നെ ഇതുവരെ ഇത്തരത്തിലുള്ള ഒരു ജമ്പ് നടത്തിയിട്ടില്ല എന്നുള്ളത് ഇന്റർനാഷണൽ എയ്ജ് റെക്കോർഡ് സ്ഥിരീകരിച്ച ഒരു കാര്യമാണ്.

6- ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ 5 മത്സരങ്ങളിലും ഗോളുകൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന റെക്കോർഡ് ഹാലണ്ടിന്റെ പേരിലാണ്. 8 ഗോളുകളാണ് ഈ 5 മത്സരങ്ങളിൽ നിന്നും സാൽസ്ബർഗിന് വേണ്ടി ഹാലണ്ട് നേടിയത്.

7-ഹാലണ്ടിന്റെ ആരാധനാപാത്രം സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.ഇക്കാര്യം ഹാലണ്ട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

8- ക്രിസ്റ്റ്യാനോയുടെ ഭക്ഷണരീതിയാണ് ഹാലണ്ട് പിൻപറ്റുന്നത്. അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളത്.

9-യുവേഫ ചാമ്പ്യൻസ് ലീഗിന്റെ തീം മ്യൂസിക്കാണ് ഹാലണ്ടിന്റെ മൊബൈൽ അലാം റിങ്ടോൺ.ഹാലണ്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

10- ഒരു മത്സരത്തിൽ 9 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരമാണ് ഹാലണ്ട്.2019 അണ്ടർ 20 വേൾഡ് കപ്പിൽ ഹോണ്ടുറാസിനെതിരെയാണ് ഹാലണ്ട് ഒമ്പത് ഗോളുകൾ നേടിയത്. എതിരില്ലാത്ത 12 ഗോളുകൾക്കാണ് നോർവേ വിജയിച്ചത്.

ഇതൊക്കെയാണ് ഹാലണ്ടിനെ കുറിച്ച് ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുള്ള അപൂർവ്വ കാര്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *